'ക്യാമറയുടെ ദൈവത്തെ വാഴ്ത്തുക'; ക്ഷേത്രത്തിലേക്കുള്ള മോദിയുടെ 'റെഡ് കാര്‍പ്പറ്റ്' പ്രവേശത്തെ പരിഹസിച്ചും വിമര്‍ശിച്ചും പ്രതിപക്ഷകക്ഷികള്‍
D' Election 2019
'ക്യാമറയുടെ ദൈവത്തെ വാഴ്ത്തുക'; ക്ഷേത്രത്തിലേക്കുള്ള മോദിയുടെ 'റെഡ് കാര്‍പ്പറ്റ്' പ്രവേശത്തെ പരിഹസിച്ചും വിമര്‍ശിച്ചും പ്രതിപക്ഷകക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2019, 10:42 pm

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയശേഷം വിവിധതരത്തിലുള്ള ഫോട്ടോകള്‍ പുറത്തുവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും വിമര്‍ശിച്ചും പ്രതിപക്ഷകക്ഷികള്‍. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ചുവപ്പ് പരവതാനിയില്‍ച്ചവിട്ടി പ്രവേശിക്കുന്ന മോദിയുടെ ചിത്രത്തിനാണ് പരിഹാസവും വിമര്‍ശനവുമൊക്കെ ഏറ്റുവാങ്ങേണ്ടിവരുന്നത്.

‘യഥാര്‍ഥ ഭക്തര്‍ ദൈവത്തിന്റെ അടുത്തേക്കു പോകുന്നതിനു മുന്‍പ് അവരുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമൊക്കെ ത്യജിക്കാറാണു പതിവ്. മറിച്ച് ചുവപ്പ് പരവതാനിയില്‍ നടന്നതിനുശേഷമല്ല അതു ചെയ്യുക. മോദിജീ നിങ്ങള്‍ക്കു മനസ്സിലായെന്നു വിശ്വസിക്കുന്നു.’- എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ ട്വീറ്റ്.

‘ക്യാമറയുടെ ദൈവത്തെ വാഴ്ത്തുക’ എന്നായിരുന്നു ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത്.

മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ‘മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. വോട്ട് നേടാനുള്ള മാര്‍ഗമായി അതുപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചിട്ടുള്ളതാണ്. പക്ഷേ കേദാര്‍നാഥില്‍ ചെയ്ത പ്രവൃത്തിയിലൂടെ മോദി അതു ലംഘിച്ചിരിക്കുകയാണ്. അതും നിശബ്ദ പ്രചാരണത്തിന്റെ സമയം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറക്കം തുടരുകയാണ്.’- യെച്ചൂരി ട്വീറ്റ് ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കേയാണ് മോദി കേദാര്‍നാഥിലെത്തി അവിടെനിന്നുള്ള ഫോട്ടോകള്‍ പുറത്തുവിട്ടത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയില്‍പ്പോയി തപസ്സിരിക്കുന്നതിന്റെയും മഞ്ഞുപാതയില്‍ക്കൂടി നടക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ക്യാമറാപേഴ്സണൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നുണ്ട്്.

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഞായാറാഴ്ച നടക്കാനിരിക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്.

വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ മോദി അവിടെ പൂജകള്‍ നടത്തി. കേദാര്‍നാഥിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശനം നടത്തുന്നത്.

കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചയോടെയാകും അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കുക. ഞായാറാഴ്ച രാത്രിയോടെ തന്നെ തിരികെ ദല്‍ഹിയിലെത്തുകയും ചെയ്യും. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഇരുക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.