യു.പി.എ കാലത്ത് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് മോദി; സൈനികരെ അപമാനിക്കലല്ലേയെന്ന് കോണ്‍ഗ്രസ്
surgical strike
യു.പി.എ കാലത്ത് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് മോദി; സൈനികരെ അപമാനിക്കലല്ലേയെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 8:50 pm

ന്യൂദല്‍ഹി: യു.പി.എ കാലത്ത് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ തെളിവ് ചോദിക്കുന്ന മോദി സൈനികരെ അപമാനിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍. കോണ്‍ഗ്രസിനെ മാത്രമല്ല സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയ സൈനികരെ കൂടി അപമാനിക്കലാണെന്ന് അഹ്മദ് പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മിന്നലാക്രമണം തീവ്രവാദികള്‍ പോലും അറിഞ്ഞില്ലെന്ന് മോദി ഇന്ന് സിക്കറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ പറഞ്ഞിരുന്നു.

‘ഇന്നലെ കോണ്‍ഗ്രസ് മിന്നലാക്രമണം നടത്തിയെന്ന് പറഞ്ഞ് ആറ് തിയ്യതികള്‍ പുറത്തുവിട്ടു. എന്ത് തരം സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. തീവ്രവാദികള്‍ക്കോ നടത്തിയവര്‍ക്കോ പാകിസ്താന്‍ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്ക് പോലും അറിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണകാലത്ത് സ്ട്രൈക്ക് എന്നൊരു വാക്കെങ്കിലും വാര്‍ത്തയിലൂടെ കേട്ടിട്ടുണ്ടോ? 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനും(me tooo, me too) എന്ന്’. മോദി പറഞ്ഞു.

 

വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവായ രാജീവ് ശുക്ലയാണ് യു.പി.എ കാലത്ത് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ തിയ്യതി പുറത്തു വിട്ടിരുന്നത്. ദേശസുരക്ഷയുടെ ക്രെഡിറ്റ് ബി.ജെ.പിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ സര്‍ക്കാരുകളും ചെയ്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.