| Sunday, 6th August 2017, 9:20 pm

'ഇവള്‍ ശരിയല്ല; പുരുഷന്മാര്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്നു'; ബി.ജെ.പി നേതാവിന്റെ മകന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ അപകീര്‍ത്തി പ്രചരണവുമായി പ്രതിയുടെ ബന്ധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ ആക്രമിക്കുകയും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും
ചെയ്തതിന് അറസ്റ്റിലാവുകയും പിന്നീട് വിട്ടയക്കുകയും ചെയതതിന് പിന്നാലെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിയുടെ ബന്ധുക്കളുടെ ശ്രമം. ഹരിയാനയിലെ ബി.ജെ.പി ചീഫിന്റെ മകനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവിന്റെ മകന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചിരുന്നു. ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ ബറാലയുടെ മകന്‍ വികാസ് ബറാലയ്ക്കാണ് കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പു തന്നെ പൊലീസ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയ്‌ക്കെതിരെ കുപ്രചരണം നടത്തി അപമാനിക്കാന്‍ ശ്രമിക്കുകയാണ് വികാസിന്റെ ബന്ധുക്കള്‍.

ബറാല കുടുംബത്തിലെ അംഗമായ കുല്‍ദീപ് ബറാല എന്നയാളുടെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരാതിക്കാരിയായ യുവതിക്കെതിരെ കുപ്രചരണം നടത്തിയത്. രണ്ട് പുരുഷന്മാര്‍ക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു ഇയാള്‍.

മറ്റൊരു പോസ്റ്റില്‍ യുവതി മദ്യ ഗ്ലാസുമായി ഇരിക്കുന്ന ചിത്രമായിരുന്നു ഷെയര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ ക്യാരക്ടറിനെ അപമാനിക്കുന്നതായിരുന്നു പോസ്റ്റ്. യുവതി മോശം കൂട്ടുകെട്ടുള്ളവളാണെന്നും മദ്യപാനമടക്കമുള്ളവളാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. കേസ് കൊടുത്തതിന് പിന്നില്‍ ബി.ജെ.പി നേതാവിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആരോപിക്കുന്നത്. എന്നാല്‍ പിന്നീട് ഈ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്.


Also Read:  മോഡിക്ക് ദൈവാധീനം ഉണ്ട് അതുകൊണ്ടാണ് യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് പോകാത്തത്; സി.പി.ഐ.എം നിലപാടിനെതിരെ വിമര്‍ശനവുമായി കരണ്‍ ഥാപ്പര്‍


മകളെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പരാതി നല്‍കിയെങ്കിലും ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഐ.എ.എസ് ഓഫീസര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

വെള്ളിയാഴ്ച അര്‍ധരാത്രി പെണ്‍കുട്ടി കാറില്‍ വീട്ടിലേക്കു തിരിക്കവെയായിരുന്നു സംഭവം. വികാസും സുഹൃത്ത് ആഷിഷും അരമണിക്കൂറോളം തന്നെ പിന്തുടര്‍ന്ന് കാറിന്റെ വാതില്‍ തുറയ്ക്കാനും വാഹനത്തിനുമേല്‍ ഇടിയ്ക്കാനും ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പെണ്‍കുട്ടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ഇരുവരും മദ്യപിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഏഴുകിലോമീറ്ററോളമാണ് ഇവര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നത്.
പിന്നീട് പെണ്‍കുട്ടി ഇക്കാര്യം പൊലീസില്‍ പരാതിപ്പെടുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

” രണ്ടു പെണ്‍കുട്ടികളുടെ പിതാവെന്ന നിലയില്‍ ഈ വിഷയത്തില്‍ പരാതി നല്‍കുകയെന്നത് എന്റെ ബാധ്യതയാണ്. ഈ ഗുണ്ടകള്‍ ശിക്ഷിക്കപ്പെടണം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. പ്രതീക്ഷിച്ചതുപോലെ ഗുണ്ടകള്‍ സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പല പീഡനക്കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകുകയാണ്.

രാഷ്ട്രീയ സ്വാധീനമുള്ള വീട്ടിലെ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പലരും മടിക്കുകയാണ്. ചില വിശേഷാധികാരമുള്ള ഞങ്ങളെപ്പോലുള്ളവര്‍ ഇതിനെതിരെ നിലകൊണ്ടില്ലെങ്കില്‍ ഇന്ത്യയില്‍ മറ്റാര്‍ക്കും അതിനു കഴിയില്ലെന്നാണ് എനിക്കു തോന്നുന്നത്.” പെണ്‍കുട്ടിയുടെ പിതാവ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

We use cookies to give you the best possible experience. Learn more