ട്വിറ്ററിലും ഒബാമയെ കാത്തിരുന്നത് വംശീയ അധിക്ഷേപങ്ങള്‍
Daily News
ട്വിറ്ററിലും ഒബാമയെ കാത്തിരുന്നത് വംശീയ അധിക്ഷേപങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2015, 8:51 am

obamaവാഷിങ്ടണ്‍: മെയ് 18 തിങ്കളാഴ്ചയാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ട്വിറ്റര്‍ അക്കൗണ്ട് ഉദ്ഘാടനം ചെയ്തത്. ഒബാമ പ്രസംഗിക്കുന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ കന്നി ട്വീറ്റ്. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധയും അദ്ദേഹത്തിനു നേരെ തിരിഞ്ഞു.

വംശീയത നിറഞ്ഞ പോസ്റ്റുകളിലൊന്ന് അദ്ദേഹത്തെ കുരങ്ങേയെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ളത്. മറ്റൊന്നില്‍ കുരുക്കിനുള്ളില്‍ ഒബാമയുടെ കഴുത്തുള്ള ചിത്രമാണുള്ളത്.

അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയെ ഇന്റര്‍നെറ്റിലൂടെ വംശീയമായി അപകീര്‍ത്തിപ്പെടുത്തുന്ന സമീപനം നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി ഇപ്പോഴത്തെ ട്വീറ്റുകള്‍ അദ്ദേഹത്തെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്.

“ഹല്ലോ, ട്വിറ്റര്‍! ഇത് ബറാക്. റിയലി! എന്ന ട്വീറ്റോടുകൂടി ഒബാമ തുടങ്ങിയതിനു പിന്നാലെ മറുപടിയുമായി ട്വിറ്റര്‍ ഉപഭോക്താക്കളില്‍ ചിലര്‍ രംഗത്തെത്തി. ആത്മഹത്യ ചെയ്യാന്‍ പ്രസിഡന്റിനു ഉപദേശം നല്‍കുന്ന മറുപടികള്‍ വരെയുണ്ടായിരുന്നു ഇതില്‍.

മറ്റൊന്നില്‍ ഒബാമയുടെ തലഭാഗം കുരുക്കിനുള്ളിലായ നിലയിലും കണ്ണുകള്‍ അടഞ്ഞ്, കഴുത്ത് മുറിഞ്ഞ രീതിയിലുമുള്ള ചിത്രമാണുള്ളത്. ഒബാമയുടെ കാമ്പെയ്ന്‍ പോസ്റ്ററിലുള്ള ഹോപ് എന്ന വാക്കിനു പകരം റോപ് എന്ന വാക്കു നല്‍കിയ ചിത്രവും ട്വിറ്ററിലെ മറുപടി പോസ്റ്റുകളിലുണ്ട്.

“കരിങ്കുരങ്ങേ” എന്ന് ഒബാമയെ വിളിക്കുന്നതാണ് മറ്റൊരു പോസ്റ്റ്. “കുരങ്ങേ നിന്റെ കൂട്ടിലേക്ക് തിരിക്കൂ” എന്നു പറയുന്നതാണ് മറ്റൊരു ട്വീറ്റ്.

അതേസമയം ഒബാമയോടുള്ള ഇഷ്ടം രേഖപ്പെടുത്തിക്കൊണ്ടും അദ്ദേഹം തങ്ങളുടെ അഭിമാനമാണെന്ന് പുകഴ്ത്തിക്കൊണ്ടുമുള്ള ട്വീറ്റുകളും കുറവല്ല.

@BarackObama യെന്ന ട്വിറ്റര്‍ അക്കൗണ്ട് എട്ടുവര്‍ഷം മുമ്പാണ് സൃഷ്ടിച്ചത്. എന്നാല്‍ പ്രസിഡന്റ്, വൈറ്റ് ഹൗസിലെ ആരെങ്കിലുമോ അല്ലായിരുന്നു ഇത് നിയന്ത്രിച്ചത്. ലിബറല്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പായിരുന്നു.