മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഇതരമതസ്ഥനുമായി പ്രണയബന്ധം ആരോപിച്ച് യുവാവ് കൗമാരക്കാരിയായ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പതിനേഴുകാരിയായ അമൃഷാ ബാനോയാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹസീനിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച് ഇലക്ട്രീഷ്യനായ ഹസീൻ സഹോദരിയുടെ ഇത്തരമതസ്ഥനുമായുള്ള പ്രണയ ബന്ധത്തിൽ അസ്വസ്ഥനായിരുന്നു. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കുമെന്ന സഹോദരിയുടെ തീരുമാനം ഇയാളെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രകോപിതനായ ഇയാൾ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു.
അമൃഷാ സമീപ ഗ്രാമത്തിലെ ഹിന്ദു യുവാവായ മോഹിവുമായി പ്രണയത്തിലായിരുന്നു. ഇരുവരും വീട്ടിൽ നിന്ന് ഒളിച്ചോടാൻ പല തവണ ശ്രമിച്ചിരുന്നു. മാർച്ച്, മെയ് മാസങ്ങളിൽ അമൃഷാ മോഹിവുമായി ഒളിച്ചോടിയിരുന്നു. എന്നാൽ പോലീസ് ഇവരെ കണ്ടെത്തുകയും തിരിച്ച് വീട്ടിൽ എത്തിക്കുകയുമായിരുന്നു. ഓഗസ്റ്റിൽ വീണ്ടും മോഹിവിനൊപ്പം പോകാൻ പദ്ധതിയിട്ടിരിക്കവെയാണ് സഹോദരൻ അമൃഷയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം 20 മിനിറ്റോളം പെൺകുട്ടിയുടെ മൃതദേശം ഗ്രാമത്തിലെ പ്രധാന റോഡിന്റെ നടുവിൽ കിടന്നു എന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവം നടക്കുമ്പോൾ മഴ പെയ്തിരുന്നെന്നും വീട്ടിൽ നിന്ന് ശബ്ദം കേട്ടിരുന്നെന്നും അയൽവാസികൾ പറഞ്ഞു. എന്നാൽ ഇത് ഹസീൻ തന്റെ ഭാര്യയെ അടിക്കുന്നതാകുമെന്ന് തങ്ങൾ കരുതിയന്നും അയാൾ ഭാര്യയെ ഉപദ്രവിക്കുന്നത് സ്ഥിരമാണെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബം അവളുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു എന്ന് മീററ്റ് പൊലീസ് ഓഫീസർ യോഗേന്ദ്ര സിങ് പറഞ്ഞു.
‘അവർ അവളുടെ വിവാഹം മറ്റൊരു ചെറുപ്പക്കാരനുമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അവൾ പ്രണയിച്ച യുവാവിനൊപ്പം ഓടിപ്പോകാൻ ശ്രമിച്ചു. ഇയാൾ പിന്നാലെയെത്തി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്ക് നാല് മാസം കൂടി കഴിഞ്ഞാൽ 18 വയസ് തികയുമെന്നും അവൾ പ്രണയിക്കുന്ന യുവാവിനൊപ്പം ഓടിപ്പോയി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെന്നും അമൃഷായുടെ സഹോദരഭാര്യ പറഞ്ഞു.
‘അഞ്ച് ദിവസം മുമ്പ്, അവൾ ഞങ്ങളുടെ വീട് വിട്ട് ആ ആൺകുട്ടിയുടെ വീട്ടിലേക്ക് പോയി, എൻ്റെ ഭർത്താവും ഗ്രാമ പ്രധാനൻ്റെ പിതാവും അയാളുടെ വീട്ടിൽ പോയി അവളെ തിരികെ കൊണ്ടുവന്നു.
ഞാൻ രണ്ടാം നിലയിൽ പാചകം ചെയ്യുകയായിരുന്നു, എൻ്റെ ഭർത്താവിന്റെ മാതാപിതാക്കളും അളിയനും വയലിൽ പുല്ല് വെട്ടാൻ പോയിരുന്നു. ഭർത്താവ് അവളെ ഉപദേശിക്കാൻ ശ്രമിച്ചു, പക്ഷേ അത് വഴക്കായി. അവൾ വീട്ടിൽ നിന്ന് ഓടി, അദ്ദേഹം അവളുടെ പിന്നാലെ ഓടി, അവളെ നിലത്ത് തള്ളിയിട്ടു, ദേഷ്യത്തിൽ അവളെ കഴുത്ത് ഞെരിക്കുകയായിരുന്നു.
അഞ്ച് ദിവസം മുമ്പ് അവൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. പ്രണയിക്കുന്ന പയ്യനെ കാണാൻ അവൾ 33 കിലോമീറ്റർ യാത്ര ചെയ്യുന്നത് ആദ്യമായല്ല. ഞങ്ങൾ അവളെ തിരിച്ച് വിളിച്ചു ഉപദേശിച്ചു. മറ്റൊരു സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് കുടുംബത്തിന് നാണക്കേടാണെന്ന് പറഞ്ഞു. എന്നാൽ അവൾ അതൊന്നും കേട്ടില്ല,’ അവർ പറഞ്ഞു.
തന്റെ മകൻ ജയിലായതിലാണ് തനിക്ക് വ്യാകുലതയെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
‘എൻ്റെ മകൻ ജയിലിലാണ്, അവന് രണ്ട് പെൺമക്കളുണ്ട്, അവരെ ആര് നോക്കും, ഇത് മൂന്നാം തവണയാണ് അവൾ ഒളിച്ചോടിയത്,’ മാതാവ് പറഞ്ഞു.
എട്ട് സഹോദരങ്ങളിൽ മൂത്ത ആളാണ് ഹസീൻ. സംഭവശേഷം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്നാൽ താൻ തന്റെ പിതാവിന്റെ അഭിമാനം സംരക്ഷിച്ചെന്നും കുടുംബത്തിന്റെ മാനം കത്ത് സൂക്ഷിച്ചെന്നുമാണ് ഇയാളുടെ വാദം.
Content Highlight: As neighbours watched and made videos, man ‘killed teen sister over interfaith relationship