| Wednesday, 13th March 2019, 11:03 pm

മാതൃകാ പെരുമാറ്റ ചട്ടം; മോദിയുടെ ചിത്രം പതിച്ച ബാനറുകള്‍ പെട്രോള്‍ പമ്പില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഐ.ഒ.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റ ചട്ടം നടപ്പില്‍ വരുത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദേശം.

മാതൃക പെരുമാറ്റ ചട്ടം അനുസരിച്ച്, രാജ്യത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള പമ്പുകളില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ഒ.സി വക്താവ് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ന്യൂദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളിളുമായി ചര്‍ച്ച നടത്തിയിരുന്നു. ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇതുമായി ബന്ധപ്പെട്ട് പരസ്യദാതാക്കള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.

Also Read യുവത്വത്തിന്റെ ശബ്ദങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുകയാണ്: ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച ശേഷം പ്രയങ്കാ ഗാന്ധി

പ്രധാനമന്ത്രിയുടെ ചിത്രമുള്ള എല്ലാ പരസ്യചിത്രങ്ങളും ഇന്ന് രാത്രി 10 മണിക്ക് മുമ്പായി നീക്കം ചെയ്യണമെന്ന് ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഓയില്‍, ഭാരത് പ്രെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവിടങ്ങളില്‍ മാത്രമായി 56,000 പെട്രോള്‍ പമ്പുകളാണ് രാജ്യത്തുള്ളത്. ഇതില്‍ ഏതാണ്ടെല്ലായിടത്തും പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജനയുടെ പരസ്യം നരേന്ദ്ര മോദിയുടെ ചിത്രം സഹിതം ഉണ്ട്.

നേരത്തെ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പമ്പുകളില്‍ പെട്രോള്‍ സപ്ലൈ മുടക്കുമെന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പെട്രോളിയം കണ്‍സോര്‍ഷ്യം പരാതിപ്പെട്ടിരുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more