'ഞാന്‍ ബി.ജെ.പിയില്‍ ആയിരിക്കുന്നിടത്തോളം കാലം'; അവിശ്വാസപ്രമേയത്തില്‍ നിലപാട് വ്യക്തമാക്കി ശത്രുഘ്‌നന്‍ സിന്‍ഹ
national news
'ഞാന്‍ ബി.ജെ.പിയില്‍ ആയിരിക്കുന്നിടത്തോളം കാലം'; അവിശ്വാസപ്രമേയത്തില്‍ നിലപാട് വ്യക്തമാക്കി ശത്രുഘ്‌നന്‍ സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2018, 10:27 am

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിലപാട് വിശദീകരിച്ച് ബി.ജെ.പി നേതാവും പാര്‍ട്ടി വിമര്‍ശകനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കാനാണ് തീരുമാനമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

“” ഞാന്‍ ബി.ജെ.പിയില്‍ ഉള്ളിടത്തോളം കാലം അവരെ പിന്തുണയ്ക്കുകയും വിപ്പ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യും.””- എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം.


അവിശ്വാസപ്രമേയം കേവലം സംഖ്യകളുടെ കളിയല്ല; കേന്ദ്രസര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാണിക്കുമെന്ന് കോണ്‍ഗ്രസ്


ഒരു തുറന്ന പുസ്തകം പോലെയാണ് ഞാന്‍ ഇതു പറയുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷം ഈ പ്രമേയം വന്നാല്‍ അത് കൂടുതല്‍ നന്നായിരിക്കുമായിരുന്നു. പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങള്‍ക്ക് അപ്പോഴേക്കും കുറച്ചുകൂടി പാകം വരുമായിരുന്നു.

എങ്കിലും അത് ഫലത്തെ മാറ്റിമറയ്ക്കാന്‍ പോകുന്നില്ലെങ്കിലും ചര്‍ച്ച കൂടുതല്‍ രസകരമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തില്‍ വിജയിക്കുന്നതോടെ ബി.ജെ.പിക്ക് അല്‍പം കൂടി ആത്മവിശ്വാസം കൈവരുമെന്നും ഇദ്ദേഹം പറയുന്നു.

ഞാന്‍ ബി.ജെ.പിയിലെ ഒരു അംഗമാണ്. അനുസരണയുള്ള പട്ടാളക്കാരനെപ്പോലെ അവരുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ബാധ്യതയുള്ളവന്‍. പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായ സമയത്തൊക്കെ ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും ബി.ജെ.പിക്കൊപ്പം നില്‍ക്കാനാണ് തീരുമാനം- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.


മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ഖജനാവിന് നഷ്ടമായത് 1484 കോടി രൂപ


അവിശ്വാസപ്രമേയത്തില്‍ സംഖ്യയുടെ കളിയില്‍ തിരിച്ചടി ഒഴിവാക്കാനാണ് ബി.ജെ.പി ക്യാമ്പിന്റെ നീക്കം. 18 പേരുള്ള ശിവസേന ഇതുവരെ കൃത്യമായൊരു നിലപാട് സ്വീകരിച്ചിട്ടില്ല. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും 20 പേരുള്ള ബി.ജെ.ഡിയും ഉള്‍പ്പെടെ 73 പേര്‍ വിട്ടുനില്‍ക്കാനാണ് സാധ്യത.

എന്‍.ഡി.എയ്ക്ക് നിലവില്‍ 314 പേരാണുള്ളത്. ബിജുജനതാദളും ടി.ആര്‍.എസും ശിവസേനയും നിലപാട് ഇന്ന് രാവിലെ പരസ്യമായി പ്രഖ്യാപിക്കും. അതേസമയം ഒറ്റക്കെട്ടായി ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ നീങ്ങാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 16 പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

അവിശ്വാസപ്രമേയത്തെ കേന്ദ്രസര്‍ക്കാര്‍ അതിജീവിക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള അവസരമാണിത്.