| Tuesday, 7th May 2019, 9:45 pm

മൂന്നാം മുന്നണി ചര്‍ച്ചയ്‌ക്കെത്തുന്ന കെ.സി.ആറുമായി കൂടിക്കാഴ്ചയ്ക്കില്ല, പ്രചാരണത്തിരക്കുണ്ടെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്‍ പിന്‍വാങ്ങി. നാല് സ്ഥലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരിക്കിലാണെന്നും കാണാന്‍ കഴിയില്ലെന്നും സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.

മെയ് 13ന് കെ.സി.ആറുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ചര്‍ച്ച ഉപേക്ഷിച്ച കാര്യത്തെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല. കോണ്‍ഗ്രസ്, ബി.ജെ.പിയിതര നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അയല്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന കെ.സി.ആര്‍ കേരളത്തിലെത്തിയിരുന്നു.

ടി.ആര്‍.എസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയും തെരഞ്ഞെടുപ്പില്‍ യു.പി.എ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ പിന്മാറ്റമെന്നാണ് സൂചന. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടിയതും സ്റ്റാലിനായിരുന്നു.

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രില്‍ 18ന് 18 മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് നടന്നിരുന്നു. മെയ് 19നാണ് ശേഷിക്കുന്ന നാല് സ്ഥലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ കണ്ടതിന് ശേഷമാണ് പിണറായി വിജയനെ കാണാന്‍ ചന്ദ്രശേഖര റാവു കേരളത്തിലെത്തിയിരുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി എന്നൊരാശയം കെ.സി.ആര്‍ പിണറായിയ്ക്ക് മുന്നില്‍ വെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more