| Friday, 4th April 2025, 8:32 am

മറ്റുള്ളവരെ ദ്രോഹിക്കുന്ന നിലപാടല്ല രാജുവിന്റേത്; ലാല്‍ സാറിന്റെ ഖേദ പ്രകടനം ഷെയര്‍ ചെയ്തത് നിവര്‍ത്തിയല്ലാതെയാകാം: നിര്‍മാതാവ് എ.എസ്. ഗിരീഷ് ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ സിനിമ സംബന്ധിച്ച് വിവാദം കനക്കുമ്പോഴും സിനിമാമേഖലയില്‍ നിന്ന് ഈ വിഷയത്തെ സംബന്ധിച്ചുള്ള പ്രതികരണം വളരെ വിരളമാണ്. ചിത്രം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലിനും മുരളി ഗോപിക്കും എതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നിരുന്നു.

പിന്നാലെ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മോഹന്‍ലാല്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഖേദ പ്രകടനം പൃഥ്വിരാജ് പങ്കുവെച്ചതിനെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് എ.എസ്. ഗിരീഷ് ലാല്‍.

എന്തിനും നിലപാടുള്ള ആളാണ് പൃഥ്വിരാജെന്നും പക്ഷെ മറ്റുള്ളവരെ ദ്രോഹിക്കുന്നതോ ആരെയെങ്കിലും പറ്റിക്കുന്നതോ ആയ നിലപാടല്ല നടന്റേതെന്നും ഗിരീഷ് ലാല്‍ പറയുന്നു. പൃഥ്വിക്ക് എല്ലാ കാര്യത്തിലും വ്യക്തതയുണ്ടെന്നും തന്റെ നിലപാടില്‍ അയാള്‍ ഉറച്ചു നിന്നാല്‍ അതില്‍ നിന്ന് പിന്നെ ചലിക്കില്ലെന്നും നിര്‍മാതാവ് പറഞ്ഞു.

2011ല്‍ എം. മോഹനന്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്ത മാണിക്യക്കല്ല് എന്ന സിനിമയുടെ നിര്‍മാതാവാണ് എ.എസ്. ഗിരീഷ് ലാല്‍.

മോഹന്‍ലാലിന്റെ ഖേദ പ്രകടനത്തിന്റെ പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത് വേറെ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗിരീഷ് ലാല്‍.

മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ഗോകുലം ഗോപാലനെയും പോലെയുള്ള ആളുകള്‍ക്ക് താന്‍ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ടെന്ന് പൃഥ്വിരാജ് കരുതിയതാകാമെന്നും എ.എസ്. ഗിരീഷ് ലാല്‍ പറയുന്നു.

‘ഞാന്‍ രാജുവിനെ അടുത്ത് മനസിലാക്കിയിട്ടുണ്ട്. എന്തിനും ഒരു നിലപാടുള്ള ആളാണ് രാജു. വ്യക്തമായ നിലപാടുണ്ട്. പക്ഷെ മറ്റുള്ളവരെ ദ്രോഹിക്കുന്നതോ ആരെയെങ്കിലും പറ്റിക്കുന്നതോ ആയ നിലപാടല്ല അവന്റേത്.

അയാള്‍ക്ക് എല്ലാ കാര്യത്തിലും ഒരു വ്യക്തതയുണ്ട്. തന്റെ നിലപാടില്‍ അയാള്‍ ഉറച്ചു നിന്നാല്‍ അതില്‍ നിന്ന് പിന്നെ ചലിക്കില്ല. ഇവിടെ എമ്പുരാന്‍ വിഷയത്തില്‍ ലാല്‍ സാര്‍ ഇട്ട പോസ്റ്റ് രാജു ഷെയര്‍ ചെയ്തതാണ്.

ആര്‍ക്കെങ്കിലും സിനിമ കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ പരിഹരിക്കും, അല്ലെങ്കില്‍ വെട്ടിമുറിച്ച് മാറ്റുമെന്ന് പറഞ്ഞാണല്ലോ ലാല്‍ സാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.

അത് രാജു ഷെയര്‍ ചെയ്തത് വേറെ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ്. ലാല്‍ സാറിനെ പോലൊരു സീനിയറായ നടനാണ് കൂടെയുള്ളത്. ഇത്രയും വലിയൊരു പ്രൊജക്ടിന്റെ കഥ കേട്ട് കൂടെനില്‍ക്കുകയും ആ സിനിമയെ പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുകയും ചെയ്ത ആളാണ് ലാല്‍ സാര്‍.

അങ്ങനെയൊരാളുടെ വാക്കിനെ മറികടക്കാന്‍ മാനസികമായി വിഷമമുള്ളത് കൊണ്ടാകാം രാജു ആ പോസ്റ്റ് ഷെയര്‍ ചെയ്തത്. അല്ലെങ്കില്‍ ഒരുപക്ഷെ രാജു അത് ചെയ്യില്ലായിരുന്നു.

പക്ഷെ നിലപാടില്‍ ഒട്ടും പിന്നോട്ട് പോകുന്ന ആളല്ല രാജു. ഇവിടെ ഈ കമിറ്റ്‌മെന്റ് കാരണമാണ് ചെയ്തത്. ചെറിയ കമിറ്റ്‌മെന്റല്ലല്ലോ ഉള്ളത്. മലയാളത്തെ സംബന്ധിച്ച് 200 കോടിയെന്നത് വലിയ കോസ്റ്റല്ലേ.

ലാല്‍ സാറിനെയും ആന്റണി പെരുമ്പാവൂരിനെയും ഗോകുലം ഗോപാലനെയും പോലെയുള്ള ആളുകള്‍ക്ക് താന്‍ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ടെന്ന് രാജു കരുതിയതാകണം,’ എ.എസ്. ഗിരീഷ് ലാല്‍ പറയുന്നു.

Content Highlight: AS Gireesh Lal Talks About Why Prithviraj Sukumaran Shares Mohanlal’s Post On Empuraan

We use cookies to give you the best possible experience. Learn more