| Wednesday, 21st October 2020, 5:46 pm

'അടിത്തറ ഇളകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചു നോക്കണം'; ഏക്‌നാഥ് ഖഡ്‌സെയുടെ രാജിക്ക് പിന്നാലെ ബി.ജെ.പിയോട് ഉദ്ദവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിജയത്തിന്റെ കൊടിമുടി കയറുമ്പോള്‍ അടിത്തറ  ഇളകുന്നത് എന്തുകൊണ്ടാണെന്ന് സമയം കിട്ടുമ്പോള്‍  ആലോചിക്കണമെന്ന് ബി.ജെ.പിയോട് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ.

മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം. ബുധനാഴ്ച്ചയാണ് ഏക്‌നാഥ് ഖഡ്‌സെ ബി.ജെ.പി വിട്ട് എന്‍.സി.പിയിലേക്ക് പോകുമെന്ന് അറിയിച്ചത്.

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക് ഖഡ്‌സയെ നിശ്ചയമായും സ്വീകരിക്കുമെന്നും ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച്ച ഖഡ്‌സെ എന്‍.സി.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ജയന്ത് പട്ടീല്‍ പറഞ്ഞത്. 35 വര്‍ഷമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഖഡ്‌സെ.

ബി.ജെ.പിയിലെ മറ്റ് ചില നേതാക്കളും വിവിധ തലങ്ങളിലുള്ള നിരവധി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വൈകാതെ തന്നെ ഖഡ്സെയുടെ മാതൃക സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയന്ത് പട്ടീല്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട ചില നിയമസഭാ സാമാജികരും ബി.ജെ.പി വിട്ടേക്കാമെന്ന സൂചനയും പാട്ടീല്‍ നല്‍കിയിട്ടുണ്ട്.

എന്‍.സി.പി പ്രസിഡന്റ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ഖഡ്സെ സാഹിബ് സന്നദ്ധത പ്രകടിപ്പിച്ചു. ബി.ജെ.പിയില്‍ വലിയ അനീതി നേരിടേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ള നേതാക്കള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്‍.സി.പിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായി ഖഡ്സെ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഖഡ്സെയുടെ രാജി കത്ത് ഇതുവരെ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന ബി.ജെ.പി വക്താവ് കേശവ് ഉപാധ്യേയ പറഞ്ഞത്.

അതിനിടെ ഖഡ്സെയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: As Eknath Khadse joins NCP, Maha CM Thackeray says, ‘BJP should think why its foundation stones are coming off

We use cookies to give you the best possible experience. Learn more