| Friday, 1st March 2019, 1:31 pm

മന്‍മോഹനും വാജ്‌പേയിയും മാതൃക; മോദി സ്ഥിതി വഷളാക്കുകയാണ്; വിമര്‍ശനവുമായി റോ മുന്‍ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി റോ മുന്‍ മേധാവി എ.എസ് ദുലത്. ഭീകരാവാദവുമായി ബന്ധപ്പെട്ട വിഷയം അങ്ങേയറ്റം വഷളാക്കുകയാണ് മോദിയെന്നാണ് അദ്ദേഹം പറയുന്നത്. കാരവന്‍ മാഗസിനില്‍ അര്‍ഷു ജോണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മന്‍മോഹന്‍ സിങ്, വാജ്‌പേയി തുടങ്ങിയവര്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ തീവ്രവാദമെന്ന വിഷയത്തെ നേരിട്ട രീതി വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം മോദിയെ വിമര്‍ശിക്കുന്നത്.

മന്‍മോഹനായാലും വാജ്‌പേയിയായാലും തങ്ങള്‍ക്ക് വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ചെയ്യാനുളളത് നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ് ചെയ്ത്. എന്നാല്‍ മോദി അതിനെ അങ്ങേയറ്റം വഷളാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

“അപകടകാരിയായ അയല്‍ക്കാര്‍ക്ക് അരികിലാണ് നമ്മളുള്ളത് എന്നതിനാല്‍ ഓരോ പ്രധാനമന്ത്രി വരുമ്പോഴും അവര്‍ ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈ പ്രതിസന്ധി നേരിട്ടിരുന്നു. ഈ പരീക്ഷണങ്ങളെ ഓരോ പ്രധാനമന്ത്രിയും എങ്ങനെ അതിജീവിച്ചുവെന്നതാണ് അവരുടെ മഹത്വം നിശ്ചയിക്കുന്നത്. മൂന്നോ നാലോ തവണയാണ് വാജ്‌പേയി ഈ പ്രതിസന്ധി നേരിട്ടത്. 1999ല്‍ അദ്ദേഹം കാര്‍ഗില്‍ യുദ്ധം നേരിട്ടു. അതേവര്‍ഷം ഇന്ത്യന്‍ വിമാനം ഐ.സി 8-14 റാഞ്ചി. 2001ല്‍ പാര്‍ലമെന്റ് ഭീകരാക്രമണവും. എന്നിട്ടും അദ്ദേഹം പ്രകോപനം ഒഴിവാക്കി. 2003 ഏപ്രിലില്‍ അദ്ദേഹം കശ്മീരികളോടു പറഞ്ഞു, ” രണ്ടുതവണ എന്റെ സൗഹൃദത്തിന്റെ കൈ ഞാന്‍ പാക്കിസ്ഥാനുനേരെ നീട്ടി. രണ്ടുതവണയും പരാജയപ്പെട്ടു. പക്ഷേ ഞാന്‍ പിന്‍വാങ്ങില്ല.” 2004 ജനുവരിയില്‍ അദ്ദേഹം സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക് പോയി. ഇന്ത്യയ്‌ക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ പാക്കിസ്ഥാനി അതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അന്നത്തെ പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് വാജ്‌പേയിക്ക് ഉറപ്പു നല്‍കിയത് അന്നായിരുന്നു. ” അദ്ദേഹം വിശദീകരിക്കുന്നു.

Also read:തെരഞ്ഞെടുപ്പിന് മുന്‍പായി ഇന്ത്യയില്‍ യുദ്ധം ഉണ്ടാകുമെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എന്‍.ഡി.എ നേതാവ്

“2008 നവംബറിലെ മുംബൈ ആക്രമണം പോലെ പല പ്രതിസന്ധി ഘട്ടവും മന്‍മോഹന്‍ സിങ്ങും നേരിട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മോദി താരതമ്യേന ഭാഗ്യാവാണ്. അദ്ദേഹം അഭിമുഖീകരിച്ച വലിയ പ്രശ്‌നം പുല്‍വാമ മാത്രമാണ്.” ദുലിത് പറയുന്നു.

ബാലാകോട്ട് വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണം താല്‍പര്യമുണര്‍ത്തുന്നതായിരുന്നെന്നാണ് ദുലത് പറയുന്നത്. “പ്രത്യേകിച്ച് അദ്ദേഹം ഭീകരവാദമുള്‍പ്പെടെ എല്ലാ കാര്യവും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമറിയിച്ചത്” അദ്ദേഹം വിശദീകരിക്കുന്നു.

“ഞങ്ങള്‍ക്കിത് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. പക്ഷേ നിങ്ങളാണ് ഞങ്ങളെ പ്രകോപിപ്പിച്ചത്. അതിനാല്‍ ഞങ്ങള്‍ ഇത് ചെയ്തു” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയിലെ സന്ദേശം.

പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെച്ച സമാധാന ചര്‍ച്ചയുടെ ഉപാധി സ്വീകരിക്കണം. ചെയ്യാനുള്ളത് ഇതിനകം ചെയ്തു കഴിഞ്ഞു. ഇനി വേണ്ടത് നയതന്ത്രപരമായ നീക്കമാണെന്നാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more