| Friday, 14th January 2022, 11:45 am

'മകരസംക്രാന്തി ദിനത്തില്‍ കൊവിഡിന് അവധി'; ബംഗാളില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മേളക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ബംഗാളില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മകരസംക്രാന്തി മേള നടക്കുന്നു.

മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപില്‍ വെച്ച് നടക്കുന്ന ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കാനാണ് ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലേക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹിന്ദു മതവിശ്വാസപ്രകാരമുള്ള തീര്‍ത്ഥാടനത്തിനായി ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

പുണ്യസ്ഥാനമായി കണക്കാക്കുന്ന, ബംഗാള്‍ ഉള്‍ക്കടലും ഗംഗാനദിയും സംഗമിക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ആളുകള്‍ സ്‌നാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ മൂന്നാം തരംഗമായി രൂപം കൊണ്ടിരിക്കുന്ന സമയത്താണ് ബംഗാളില്‍ പ്രോട്ടോക്കോളുകളെല്ലാം മറികടന്നുള്ള ആഘോഷം നടക്കുന്നത്.

23,467 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ 1312 എന്ന കണക്കില്‍ നിന്നായിരുന്നു ഒറ്റ ദിവസം ഇത്രയും വര്‍ധനവുണ്ടായത്.

സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്കും 30.86 ശതമാനത്തില്‍ നിന്നും 32.13 ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. ദേശീയ ശരാശരിയായ 14.78 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന നിലയിലാണ് സംസ്ഥാനത്തെ കൊവിഡ് നിരക്ക്.

നേരത്തെ കല്‍ക്കട്ട ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ജനുവരി എട്ട് മുതല്‍ 16 വരെ ഈ വാര്‍ഷിക മേള നടത്താന്‍ അനുമതി നല്‍കിയിരുന്നു. സാഗര്‍ ദ്വീപ് മുഴുവനായും നോട്ടിഫൈഡ് ഏരിയ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മേള നടത്താന്‍ അനുമതി നല്‍കിയതില്‍ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: As covid cases surge, Lakhs congregate in Bengal for Makar Sankranti Mela

We use cookies to give you the best possible experience. Learn more