| Thursday, 12th March 2020, 11:25 am

മധ്യപ്രദേശ് ബി.ജെ.പിയിലും പ്രശ്‌നങ്ങള്‍; മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കള്‍. സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് 22 എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു.

ഇതോടെ ന്യൂനപക്ഷമായ കമല്‍നാഥ് സര്‍ക്കാര്‍ വീണാല്‍ ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ബി.ജെ.പി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി യോഗം ചേര്‍ന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 യോഗത്തില്‍ പ്രത്യേകമായ അജണ്ടകളൊന്നുമില്ലെന്നായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഗോപാല്‍ ഭാര്‍ഗവയെ മാറ്റി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിയമസഭാ കക്ഷി നേതാവാക്കാനുള്ള ആലോചന പാര്‍ട്ടിക്കുള്ളില്‍ നടന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ യോഗത്തിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ശിവരാജ് സിംഗ് ചൗഹാന്‍, പാര്‍ട്ടി അധ്യക്ഷന്‍ വി.ഡി ശര്‍മ്മ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ള പേര് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേതാണ്. എന്നാല്‍ ചൗഹാനെതിരെ ഒരുവിഭാഗം നേതാക്കളും രംഗത്തുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയെ മറ്റൊരുതലത്തിലേക്ക് എത്തിക്കാന്‍ കഴിയുന്ന നേതാവാണ് ശിവരാജ് സിംഗ് ചൗഹാന്‍ എന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു ബി.ജെ.പി നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. എന്നാല്‍ ചൗഹാന് പകരം മറ്റൊരാളെ പരിഗണിക്കണമെന്നായിരുന്നു മറ്റൊരു ബി.ജെ.പി നേതാവിന്റെ പ്രതികരണം.

‘ 13 വര്‍ഷം മുഖ്യമന്ത്രിയായ ആളാണ് ചൗഹാന്‍. ഇനി മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം. 2018 ലെ തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതുമാണ്.’ മറ്റൊരു ബി.ജെ.പി നേതാവ് പറഞ്ഞു.

അതേസമയം ഇത് സംബന്ധിച്ച് പുറത്തുവരുന്ന മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് ബി.ജെ.പി വക്താവ് ലോകേന്ദ്ര പരാശര്‍ പറഞ്ഞു. ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more