രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയേറ്റു; ഗുജറാത്തില്‍ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിതള്ളി ബി.ജെ.പി സര്‍ക്കാര്‍
national news
രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയേറ്റു; ഗുജറാത്തില്‍ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിതള്ളി ബി.ജെ.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th December 2018, 7:04 pm

അഹമ്മദാബാദ്: ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമേറ്റയുടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിരോധത്തിലായ ബി.ജെ.പിയും ചുവടുമാറ്റുന്നു. ഗുജറാത്തിലെ 650 കോടി രൂപ വരുന്ന വൈദ്യുത ബില്ലുകള്‍ എഴുതിതള്ളുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞു.

ഗ്രാമങ്ങളിലെ ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കളുടെ ബില്ലുകളാണ് എഴുതിതള്ളുന്നത്. ഇത് വഴി 6,22,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാകുമെന്ന് സൗരഭ് പട്ടേല്‍ അവകാശപ്പെട്ടു.

ഈ ഉപഭോക്താക്കളുടെ കണക്ഷന്‍ വൈദ്യുതി മോഷണം, ബില്ലടയ്ക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ വിച്ഛേദിച്ചിരിക്കുകയായിരുന്നു.

ALSO READ: കണക്കുകള്‍ പറയുന്നു; മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് തോല്‍വി

നേരത്തെ മധ്യപ്രദേശില്‍ അധികാരമേറ്റയുടന്‍ കമല്‍നാഥ് സര്‍ക്കാര്‍ 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയിരുന്നു. ഛത്തീസ്ഗഢില്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് ഇന്ന് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ലെന്നും രാഹുല്‍ പറഞ്ഞു.

ALSO READ: ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപക്കേസുകളിലെ പ്രതികളും ശിക്ഷിക്കപ്പെടണം: അരവിന്ദ് കെജ്‌രിവാള്‍

രണ്ടുതരം ഇന്ത്യയെ മോദി സൃഷ്ടിച്ചു. ഒരുവശത്ത് കര്‍ഷകരും പാവപ്പെട്ടവരും സാധാരണക്കാരയ വ്യവസായികളും എന്നാല്‍ മറുവശത്ത് രാജ്യത്തെ 15 വ്യവസായികളാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയ മിന്നുന്ന വിജയം ആദ്യത്തെ കൂട്ടം ആള്‍ക്കാരുടെ വിജയമാണെന്നും രാഹുല്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് മോദിയുടെ ഗുജറാത്തില്‍ വൈദ്യുതി ബില്ലുകള്‍ എഴുതിതള്ളിയുള്ള തീരുമാനം വന്നത്.

WATCH THIS VIDEO: