KERALA BYPOLL
ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസില്ലാതെ ബി.ജെ.പിയുടെ പ്രചാരണം; ആര്‍.എസ്.എസിനെ പിന്നോട്ടുവലിക്കുന്നത് ഈ ഘടകങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 03, 08:30 am
Thursday, 3rd October 2019, 2:00 pm

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധം വഷളാകുന്നു. ബി.ജെ.പി നടത്തുന്ന പ്രചാരണത്തിനൊപ്പം ചേരാതെ ആര്‍.എസ്.എസ് മാറിനില്‍ക്കുന്നതായാണ് മണ്ഡലങ്ങളില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏറെ പ്രതീക്ഷയുള്ള മണ്ഡലമായി ബി.ജെ.പി കാണുന്ന വട്ടിയൂര്‍ക്കാവില്‍പ്പോലും ആര്‍.എസ്.എസ് ചുമതലയ്ക്കായി ആരെയും നിയമിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ആര്‍.എസ്.എസ് നേതൃത്വം നല്‍കിയിരുന്നു.

ഇപ്പോഴാകട്ടെ, തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സംയോജകരെ സാധാരണയായി ഉപതെരഞ്ഞെടുപ്പില്‍ നിയോഗിക്കാറില്ലെന്ന വാദമാണ് ആര്‍.എസ്.എസ് വൃത്തങ്ങള്‍ ഉയര്‍ത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷനായിരുന്ന സമയമൊക്കെയും ആര്‍.എസ്.എസ് ഉപതെരഞ്ഞെടുപ്പുകളില്‍പ്പോലും സജീവമായി നിന്നിരുന്നു. കുമ്മനം ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ ബി.ജെ.പിയെക്കാള്‍ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് ആര്‍.എസ്.എസായിരുന്നു.

വിജയദശമി ആഘോഷങ്ങള്‍ക്കു ശേഷം ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍.എസ്.എസ് സജീവമാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം ബി.ജെ.പിക്കുള്ളില്‍ പ്രശ്‌നങ്ങളാണ് ആര്‍.എസ്.എസിനെ പിന്നോട്ടുവലിക്കുന്നതെന്ന് ആരോപണമുണ്ട്. വട്ടിയൂര്‍ക്കാവില്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട കുമ്മനത്തെ നിര്‍ത്താതെ പകരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെ പ്രഖ്യാപിച്ചത് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസ് കുമ്മനത്തിനു വേണ്ടി നിലയുറപ്പിച്ചെങ്കിലും ബി.ജെ.പി നേതൃത്വം അതു ചെവിക്കൊണ്ടില്ല. ആര്‍.എസ്.എസിനെ മാത്രമല്ല, ഈ തീരുമാനം ബി.ജെ.പിയിലെ ഒരു വിഭാഗത്തെയും ദുര്‍ബലപ്പെടുത്തിയെന്നും വാദമുണ്ട്.