ഞങ്ങള്‍ക്കുള്ളത് ഹൈക്കമാന്റല്ല, ദേശീയ നേതൃത്വമാണ്; യെദിയൂരപ്പയുടെ രാജി വിവാദത്തില്‍ കേന്ദ്രമന്ത്രി
National Politics
ഞങ്ങള്‍ക്കുള്ളത് ഹൈക്കമാന്റല്ല, ദേശീയ നേതൃത്വമാണ്; യെദിയൂരപ്പയുടെ രാജി വിവാദത്തില്‍ കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th July 2021, 6:42 pm

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാജി വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി.

യെദിയൂരപ്പയോട് രാജിവെക്കുന്നതിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലെന്ന് ജോഷി പറഞ്ഞു. നിലവില്‍ പ്രചരിക്കുന്നതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും ജോഷി പറഞ്ഞു.

യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റി പ്രല്‍ഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ യെദിയൂരപ്പയോട് രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതായി തനിക്ക് യാതൊരു സൂചനയുമില്ലെന്ന് പ്രഹാദ് ജോഷി പറഞ്ഞു. യെദിയൂരപ്പയ്ക്ക് പകരക്കാരനായി താന്‍ വരുമെന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ മാത്രമാണ് ഇത് ചര്‍ച്ച ചെയ്യുന്നതെന്നും ജോഷി പറഞ്ഞു. തങ്ങള്‍ക്കുള്ളത് ഹൈക്കമാന്റല്ലെന്നും ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മന്ത്രിസഭയില്‍ വലിയ അഴിച്ചുപണികള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകളടക്കം വന്നിരുന്നു. എന്നാല്‍ കര്‍ണാടക ബി.ജെ.പിയില്‍ വലിയ മാറ്റങ്ങള്‍ ഒന്നുംതന്നെ വരാന്‍ പോകുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എന്നാല്‍ താന്‍ ബി.ജെ.പിയുടെ വിശ്വസ്തനായ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി മര്യാദകളെ എല്ലാവരും ബഹുമാനിക്കണമെന്നും അവ ലംഘിച്ച് ആരും പ്രതിഷേധിക്കരുതെന്നുമാണ് യെദിയൂരപ്പ അതിനോട് പ്രതികരിച്ചത്.

എല്ലാവരോടും പാര്‍ട്ടിയുടെ രീതികളും മര്യാദകളും പാലിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും അവ ലംഘിച്ചുകൊണ്ട് പ്രതിഷേധമോ മറ്റു അച്ചടക്കലംഘനങ്ങളോ നടത്തരുതെന്നും പാര്‍ട്ടിയെ അപമാനിക്കുകയോ നാണം കെടുത്തുകയോ ചെയ്യരുതെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.

യെദിയൂരപ്പയ്ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു തന്നെ ചരടുവലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ബി.ജെ.പി. ആദ്യം സ്വീകരിച്ച നിലപാട്.

മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്ഥിരതയും സംസ്ഥാനത്തില്ലെന്നുമാണ് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ് പറഞ്ഞത്.

‘ആരും പാര്‍ട്ടിയെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ വേണ്ട നടപടി സ്വീകരിക്കും. ഇതൊരു വലിയ രാഷ്ട്രീയപാര്‍ട്ടിയാണ്. ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം. എല്ലാവരുടെയും പൂര്‍ണ്ണ സഹകരണത്തോടെ മാത്രമെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ പറ്റുകയുള്ളു. രണ്ടോ മൂന്നോ പേര്‍ പാര്‍ട്ടിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും,’ എന്നും അരുണ്‍ സിംഗ് പറഞ്ഞിരുന്നു.

നേരത്തെ മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ നിന്നുയരുന്നുണ്ടെന്ന് കര്‍ണ്ണാടക മന്ത്രി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ രംഗത്തെത്തിയിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  As BS Yediyurappa Hints Exit, Union Minister Pralhad Joshi Rebuffs Speculation On Succession