| Sunday, 26th May 2019, 12:00 am

ബി.ജെ.പിയുടെ വളര്‍ച്ച എം.പിമാരുടെ ജാതിസമവാക്യങ്ങള്‍ മാറ്റി മറിക്കുന്നു; മണ്ഡല്‍ കമ്മീഷന് ശേഷം പാര്‍ലമെന്‍റില്‍ വീണ്ടും പിടിമുറുക്കി മുന്നാക്ക ജാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി പിടിമുറുക്കിയതോടെ ലോക്‌സഭാ എം.പിമാരുടെ ജാതിസമവാക്യങ്ങള്‍ മാറി മറിയുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലായതിന് പിന്നാലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലോക്‌സഭയില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാല്‍ സവര്‍ണ പാര്‍ട്ടിയായ ബി.ജെ.പിയുടെ അനിഷേധ്യമായ അപ്രമാധിത്വം ഹിന്ദി ഹൃദയഭൂമിയിലെ മുന്നാക്ക വിഭാഗങ്ങളുടെ അമിതമായ രാഷ്ട്രീയ പ്രാതിനിധ്യത്തിന് കൂടിയാണ് വഴി വെച്ചിരിക്കുന്നത്.

ഹിന്ദി ബെല്‍റ്റിലെ ബി.ജെ.പിയുടെ എം.പിമാരില്‍ 45 ശതമാനം പേരും മുന്നാക്ക വിഭാഗത്തില്‍ പെട്ടവരാണെന്ന് ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റ വ്യക്തമാക്കുന്നു. ലോക്‌സഭയിലെത്തുന്ന പകുതിയലധികം എം.പിമാരും ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ളവരാണെന്നതും, മറ്റു സംസ്ഥാനങ്ങളിലെ ജാതി വ്യവസ്ഥ ഏകീകൃതമല്ലാത്തതിനാലും ഹിന്ദി ബെല്‍റ്റിലെ എം.പിമാരുടെ ജാതി മാത്രമാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

BJP vote share

പൊതുവെ വരേണ്യ രാഷ്ട്രീയ പാര്‍ട്ടിയായി വിശേഷിപ്പിക്കപ്പെടുന്ന കോണ്‍ഗ്രസില്‍ 16.7 ശതമനാം എം.പിമാര്‍ മാത്രമാണ് മുന്നാക്ക വിഭാഗത്തില്‍ പെട്ടത്. ഹിന്ദി ബെല്‍റ്റിലെ കോണ്‍ഗ്രസ് എം.പിമാരില്‍ 33 ശതമാനം പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് പ്രസ്തുത ഡാറ്റയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

1989ന് ശേഷം കോണ്‍ഗ്രസ് ഏറ്റവും കുറവ് മുന്നാക്ക വിഭാഗത്തില്‍ പെട്ട എം.പിമാരെ ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് മത്സരിപ്പിച്ച തെരഞ്ഞപ്പായിരുന്നു 2019ലേത്.

അതേസമയം ബി.ജെ.പിക്ക് 19.7 ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തില്‍ പെട്ട എം.പിമാരും, 18.5 ശതമാനം പട്ടിക ജാതിയില്‍ പെട്ട എം.പിമാരും, 8.4 ശതമാനം പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട എം.പിമാരുമാണുള്ളത്.

മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കിയതിന്റെ പ്രതിഫലനമായി തൊണ്ണൂറുകളില്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ട എം.പിമാരുടെ പ്രാതിനിധ്യം 11 ശതമാനത്തില്‍ നിന്നും 22 ശതമാനമായി വര്‍ധിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി പാര്‍ട്ടികളുടെ വളര്‍ച്ചയും, ഇത് തടയാനായി ബി.ജെ.പി ഉള്‍പ്പടെയുള്ള ദേശീയ പാര്‍ട്ടികള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതും ഇതിന് കാരണമായി. കല്യാണ്‍ സിങിനെ 1991ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയമിച്ചത് ഇതിന് ഉദാഹരണമായിരുന്നു.

2009ല്‍ തന്നെ ഈ മാറ്റം വ്യക്തമായിരുന്നെങ്കിലും, 2014ലെ മോദി തരംഗം ഏറ്റു പിടിച്ച് മുന്നാക്ക ജാതിയില്‍ പെട്ടവര്‍ കൂടുതലായി പാര്‍ലമെന്റിലെത്തുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു.

ബി.ജെ.പി ഈ വര്‍ഷം മത്സരിപ്പിച്ച 88 മുന്നാക്ക ജാതിയില്‍ പെട്ട സ്ഥാനാര്‍ഥികളില്‍ 80 പേരും വിജയിക്കുകയും ചെയ്തു. മുന്നാക്ക ജാതിയില്‍ പെട്ടവരുടെ വിജയം ഉറപ്പാക്കാന്‍ ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ ഇവര്‍ക്ക് നല്‍കുകയാണുണ്ടായത്.

We use cookies to give you the best possible experience. Learn more