| Friday, 14th January 2022, 4:59 pm

തെരഞ്ഞെടുപ്പ് 'നാടകം' തുടങ്ങി ബി.ജെ.പി; ദളിത് കുടുംബത്തിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കാലിടറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മന്ത്രിമാരും എം.എല്‍.എമാരുമടക്കം എട്ടോളം നേതാക്കള്‍ പാര്‍ട്ടി വിടുകയും, മറുചേരിയിലെ പ്രബലരായ എസ്.പിയില്‍ ചേരുകയും ചെയ്തിരിക്കുകയാണ്.

പിന്നാക്ക വിഭാഗത്തോടുള്ള പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. എന്നാല്‍ ഈ കോട്ടം മറികടകക്കാന്‍ ദളിത് വോട്ടുകള്‍ ഏത് വിധേനയും തങ്ങളുടെ പെട്ടിയിലാക്കാനുള്ള പെടാപ്പാടാണ് ബി.ജെ.പി നടത്തുന്നത്.

അതിന്റെ ഭാഗമായാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാരനായ ഒരാളുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ ദളിത് കുടുംബത്തോടൊപ്പം  ഇരിക്കാതെ കുറച്ച് ദൂരം വിട്ടിരുന്നാണ് യോഗി ഭക്ഷണം കഴിക്കുന്നത്.

ഇതിന്റെ ചിത്രങ്ങള്‍ യോഗി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

‘മകരസംക്രാന്തി ദിനത്തില്‍ എന്നെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ച പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഭാരതിയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഇതിലൂടെ സാമൂഹിക സഹവര്‍ത്തിത്വം വളരുകയാണ് ‘ എന്നാണ് യോഗി ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.

എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റുന്ന അതേ തന്ത്രം തന്നെയാണ് യോഗി ഇത്തവണയും പരീക്ഷിക്കുന്നത്. ദളിത് വീടുകളിലെത്തി ഭക്ഷണം കഴിച്ചും, അതിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുമാണ് ബി.ജെ.പി ദളിതര്‍ക്കൊപ്പമാണ് തങ്ങളെന്ന് വരുത്തിത്തീര്‍ക്കുന്നത്.

അതേസമയം, യോഗി എസ്.പിയുടെ മുന്‍കാലഭരണത്തെ വിമര്‍ശിക്കുകയും ചെയ്തു. എസ്.പി ഭരിക്കുമ്പോള്‍ പ്രധാനമന്ത്രി ആവാസ് യോജന വഴി 18,000 കുടുംബങ്ങള്‍ക്ക് മാത്രമാണ് വീടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുള്ളതെന്നും എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ 45 ലക്ഷം വീടുകളാണ് നിര്‍മിച്ച് നല്‍കിയതെന്നും യോഗി പറഞ്ഞു. ഇത് സാമൂഹിക ചൂഷണമാണെന്നും, എസ്.പിയുടെ ഭരണത്തില്‍ എല്ലാവര്‍ക്കും തുല്യനീതിയല്ല ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, യോഗി മന്ത്രിസഭയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയടക്കം 3 മന്ത്രിമാരും അഞ്ച് എം.എല്‍.എമാരും പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.

പാര്‍ട്ടി വിട്ട നേതാക്കള്‍ അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടിയിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഇതോടെ ബി.ജെ.പിക്ക് യു.പിയില്‍ അപ്രതീക്ഷിതമായ അടിയാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പിയില്‍ നിന്നും രാജി വെക്കുന്ന എട്ടാമത്് എം.എല്‍.എയാണ് സെയ്‌നി.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതോടെയാണ് ബി.ജെ.പിയില്‍ കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ്.

ഇതിന് പിന്നാലെയാണ് യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള രണ്ടാമത് മന്ത്രി പാര്‍ട്ടി വിട്ടത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന നേതാക്കളുടെ ആരോപണത്തില്‍ നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.

അതേസമയം, എസ്.പി നേതാവായ അഖിലേഷ് യാദവ് തന്റെ സേനാബലം വര്‍ധിപ്പിക്കുകയാണ്. എന്‍.സി.പിയടക്കമുള്ള മറ്റു പാര്‍ട്ടികളെ ഒന്നിപ്പിച്ചും ജാതിഭേദമന്യേ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയുമാണ് അഖിലേഷ് യു.പിയില്‍ പുത്തന്‍ സമവാക്യങ്ങള്‍ രചിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: As Assembly Elections approaches, Yogi Adityanath with new election gimmick,  Eats At Dalit House on Makarsankranti

We use cookies to give you the best possible experience. Learn more