| Saturday, 2nd October 2021, 10:41 am

ബംഗാളില്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു; അപേക്ഷയുമായി ബി.ജെ.പി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിനിടെ അപേക്ഷയുമായി സംസ്ഥാന അധ്യക്ഷന്‍. പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ അഭ്യര്‍ത്ഥിച്ചു.

ബി.ജെ.പിയുടെ റായ്ഗഞ്ച് എം.എല്‍.എ വെള്ളിയാഴ്ച പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് മജുംദാറിന്റെ പ്രതികരണം. കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മജുംദാര്‍ ബംഗാളില്‍ തിരിച്ചെത്തിയത്.

നേതാക്കളുടെ കൂറുമാറ്റം നിര്‍ത്താന്‍ ശ്രദ്ധ വേണമെന്ന് മജുംദാറിനോട് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതായാണ് സൂചന.

അതേസമയം പാര്‍ട്ടി വിട്ട റായ്ഗഞ്ച് എം.എല്‍.എ കൃഷ്ണ കല്യാണി സംസ്ഥാന-കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്തെത്തി. റായ്ഗഞ്ച് എം.പി ദേബശ്രീ ചൗധരി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നെന്നും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പി വിട്ട കൃഷ്ണ തൃണമൂലില്‍ ചേരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

തനിക്ക് റായ്ഗഞ്ചിലെ ജനങ്ങളെ സേവിക്കുന്നത് തുടരണമെന്നും അതിന് ബി.ജെ.പിയില്‍ നിന്നാല്‍ കഴിയില്ലെന്നും മാത്രമാണ് കൃഷ്ണ ഇതുവരെ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: As another MLA quits party, West Bengal BJP chief makes appeal for unity

We use cookies to give you the best possible experience. Learn more