Movie Day
സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വി മോശമാണെന്നല്ല; പക്ഷേ എനിക്കിഷ്ടം പൃഥ്വിയെന്ന നിര്‍മാതാവിനെ: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 01, 08:08 am
Wednesday, 1st June 2022, 1:38 pm

സംവിധായകനില്‍ നിന്നും നിര്‍മാതാവിലേക്കുള്ള പൃഥ്വിയുടെ കടന്നുവരവിനെ കുറിച്ചും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിച്ചതിനെ കുറിച്ചും നടന്‍ ഇന്ദ്രജിത്ത്. പൃഥ്വി എന്ന സംവിധായകനേക്കാള്‍ പൃഥ്വിയിലെ നിര്‍മാതാവിനെ താന്‍ അഭിനന്ദിക്കുന്നെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വി എന്ന ഡയരക്ടറെയാണോ പൃഥ്വി എന്ന പ്രൊഡ്യൂസറെയാണോ തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് പൃഥ്വി എന്ന പ്രൊഡ്യൂസറെ ആണെന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി.

മലയാള സിനിമ മാത്രമല്ല അന്യ ഭാഷകളില്‍ നിന്നുള്ള ഒരുപാട് സിനിമകള്‍, 1983 പോലുള്ളവ പൃഥ്വി ഇവിടെ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും അതേറ്റെടുത്ത് നടത്തുകയും ചെയ്തു. ഇപ്പോള്‍ കെ.ജി.എഫാണെങ്കിലും വലിയ തമിഴ് സിനിമകളാണെങ്കിലും പൃഥ്വി കൊണ്ടുവരുന്നുണ്ട്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് അത് വലിയ ജോലിയാണ്. എന്നുവെച്ച് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വി മോശമാണെന്നല്ല. തീര്‍ച്ചയായും ലൂസിഫര്‍ പോലൊരു വലിയ വിജയം മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. സംവിധായകന്‍ എന്നത് ഒരു ലേണിങ് പ്രോസസാണ്. വരുന്ന സിനിമകളില്‍ നിന്നും പഠിച്ച് പഠിച്ചാണ് മുന്നോട്ട് വരിക. അത് എല്ലാവരും അങ്ങനെ ആണല്ലോ. നമ്മുടെ എക്‌സ്പീരിയന്‍സില്‍ നിന്നാണല്ലോ നമ്മള്‍ പഠിക്കുക. അതിന് എന്റെ എല്ലാ ആശംസയും അവനുണ്ട്, ഇന്ദ്രജിത്ത് പറഞ്ഞു.

അനിയന്റെ സംവിധാനത്തില്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ആ കെമിസ്ട്രി എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന ചോദ്യത്തിന് എനിക്ക് അങ്ങനെ അനിയന്‍ എന്നൊന്നുമില്ല. ഞാന്‍ ഏത് ഡയരക്ടറുടെ കൂടെ വര്‍ക്ക് ചെയ്താലും ഞാന്‍ ആ ഡയരക്ടര്‍ പറയുന്ന പോലുള്ള, അവര്‍ക്ക് ആവശ്യമുള്ളത് കൊടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൃഥ്വിയ്ക്ക് ഗോവര്‍ധന്‍ ഇങ്ങനെ ആകണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് പൃഥ്വി പറഞ്ഞതുപോലെ തന്നെയാണ് ഞാന്‍ ചെയ്തത്. ഞാന്‍ ഡയരക്ടര്‍ ആക്ടര്‍ തന്നെയാണ്, ഇന്ദ്രജിത്ത് പറഞ്ഞു.

പൃഥ്വിയുടെ കോള്‍ വരുമ്പോള്‍ ആദ്യം എന്താണ് തോന്നുക എന്ന ചോദ്യത്തിന് എന്തെങ്കിലും ഒരു കാര്യമുണ്ടാകുമെന്ന് ഉറപ്പാണെന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. എവിടെയാണ് രാജുവെന്ന് ചോദിക്കും. കാരണം വല്ലപ്പോഴുമാണേ വിളിക്കുന്നത്. സംസാരിക്കാന്‍ ചാന്‍സ് കിട്ടാറില്ല. വിളി വരുമ്പോള്‍ അറിയാം എന്തെങ്കിലുമൊരു കാര്യമുണ്ടാകുമെന്ന്, ഇന്ദ്രജിത്ത് പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ സ്വന്തം സംവിധാനത്തില്‍ പുതിയ ചിത്രം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിനിമയെ കുറിച്ച് പൃഥ്വിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ടെന്നും ഇന്ദ്രജിത്ത് അഭിമുഖത്തില്‍ പറഞ്ഞു. വലിയ സിനിമയൊന്നുമല്ല. നിലവിലെ ആക്ടിങ് കമ്മിറ്റ്‌മെന്റ്‌സ് തീര്‍ത്തിട്ട് അതിലേക്ക് കടക്കും. സംവിധാനം അത്ര ചെറിയ ജോലിയല്ല. സ്‌ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റ് ആയിട്ടുണ്ട്. റിയല്‍ സ്റ്റോറിയാണ്. ഇനിയും ഇരിക്കേണ്ടതായുണ്ട്. അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം, ഇന്ദ്രജിത്ത് പറഞ്ഞു.

Content Highlight: as a director Prithviraj is not bad But I like him as a producer says Indrajith