വാങ്കഡെയും രാഷ്ട്രീയ നേതാക്കളും തമ്മില്‍ നടക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളില്‍ എനിക്ക് യാതൊരു ബന്ധവുമില്ല; സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഒന്നും പറയാതെ ആര്യന്‍ ഖാന്‍
national news
വാങ്കഡെയും രാഷ്ട്രീയ നേതാക്കളും തമ്മില്‍ നടക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളില്‍ എനിക്ക് യാതൊരു ബന്ധവുമില്ല; സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഒന്നും പറയാതെ ആര്യന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th October 2021, 4:27 pm

മുംബൈ: സമീര്‍ വാങ്കഡെയും ചില രാഷ്ട്രീയ നേതാക്കളും തമ്മില്‍ നിലവില്‍ നടക്കുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍.

പ്രഭാകര്‍ സെയിലുമായോ ഗോസാവിയുമായോ യാതൊരു ബന്ധവും തനിക്കില്ലെന്നും ആര്യന്‍ കോടതിയില്‍ പറഞ്ഞു.

” സമീര്‍ വാങ്കഡെയും ചില രാഷ്ട്രീയ വ്യക്തിത്വങ്ങളും തമ്മില്‍ നിലവില്‍ പൊതു/സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല, പ്രഭാകര്‍ സെയിലുമായോ ഗോസാവിയുമായോ യാതൊരു ബന്ധവും ഇല്ല,” ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആര്യന്‍ പറഞ്ഞു.

തന്റെ അച്ഛന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ ഒരു സ്വതന്ത്ര സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് ആര്യന്‍ ഖാന്റെ സത്യവാങ്മൂലം.

ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍.സി.പി നേതാവ് നവാബ് മാലിക് രംഗത്തുവന്നിരുന്നു. വാങ്കഡെക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്ന് ആര്യന്‍ പറഞ്ഞിരിക്കുന്നത്.

സമീര്‍ വാങ്കഡെയ്ക്കെതിരെയുള്ള കത്ത് എന്‍.സി.പി നേതാവ് നവാബ് മാലിക് പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താത്ത ഒരു എന്‍.സി.ബി ഉദ്യോഗസ്ഥന്റേതാണ് കത്ത്.

ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിക്കുന്നു.

ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണെന്നും കത്തില്‍ പറയുന്നുണ്ട്.

ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. 26 കേസുകളുടെ വിവരങ്ങള്‍ കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്ത് എന്‍.സി.ബി തലവന് കൈമാറുമെന്നാണ് വിവരം.

അതേസമയം, കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഉത്തരവിട്ടു. ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Aryan Khan Says ‘Nothing To Do With Payoff Charge, Witness’ In Court Reply