മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ കുരുക്കുമായി എന്‍.സി.ബി. ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ് എന്‍.സി.ബി ആയുധമാക്കാനൊരുങ്ങുന്നത്.
ആര്യനുള്‍പ്പടെയുള്ളവര്‍ പിടിയിലാവുന്നതിന് മുന്‍പ് ഒക്ടോബര്‍ രണ്ടിന് ആര്യനും യുവനടിയും തമ്മില്‍ ലഹരിയെക്കുറിച്ച് നടത്തിയ ചാറ്റ് എന്ന നിലയിലാണ് എന്‍.സി.ബി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്യനും ചില ലഹരി സംഘങ്ങളും തമ്മില്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഇത്തരത്തില്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച മുംബൈ എന്‍.ഡി.പി.എസ് പ്രത്യേക കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ നീക്കവുമായി എന്‍.സി.ബി എത്തിയിരിക്കുന്നത്.
നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാന്‍ അടക്കമുള്ള കേസിലെ എട്ട് പ്രതികളും കഴിയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് എന്‍.സി.ബി ആര്യന്റെ ജാമ്യ ഹരജിയെ എതിര്‍ക്കുന്നത്.
എന്നാല്‍ റെയ്ഡിനിടയില്‍ ആര്യന്റെ കയ്യില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നത്. ആയതിനാല്‍ ആര്യനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പേയാണ് ആര്യന്‍ ഖാന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ സജീവ കണ്ണിയാണെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചത്.
അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നതായും എന്‍.സി.ബി കൂട്ടിച്ചേര്‍ത്തു. സ്പെഷ്യല്‍ ജഡ്ജ് വി.വി. പാട്ടീലിന് മുന്‍പിലായിരുന്നു എന്‍.സി.ബി ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ 7നാണ് മുംബൈ മജിസ്‌ട്രേറ്റ് കോടതി ആര്യന്‍ ഖാനെയും മറ്റ് ഏഴ് പേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഒക്ടോബര്‍ 8ന് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബര്‍ 3നാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്
ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Aryan Khan’s chats discussing drugs with actress submitted in court ahead of bail hearing