മുംബെ: രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും, മയക്കുമരുന്ന് കടത്തലിലെ കണ്ണിയാണെന്നും എന്‍.സി.ബി കോടതിയില്‍ അറിയിച്ചു.
സ്‌പെഷ്യല്‍ ജഡ്ജ് വി.വി. പാട്ടീലിന് മുന്‍പിലായിരുന്നു എന്‍.സി.ബി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നതായും എന്‍.സി.ബി കൂട്ടിച്ചേര്‍ത്തു.
‘കൃത്യമായ അന്വേഷണങ്ങള്‍ക്കാവശ്യമായ സമയം വേണം. രാജ്യാന്തര ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ഉചിതമായ ചാനലുകളിലൂടെ അന്വേഷിക്കണം,’ എന്‍.സി.ബി പറഞ്ഞു. ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രഥമാ ദൃഷ്ട്യാ ആര്യന് ഇവരുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ടെന്നും എന്‍.സി.ബി കൂട്ടിച്ചേര്‍ത്തു.
എന്‍.സി.ബിയുടെ വാദം അസംബന്ധമാണെന്നാണ് ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായി പറഞ്ഞത്. ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയില്ല. ‘അവര്‍ കൊച്ചുകുട്ടികളാണ്. മറ്റു പല രാജ്യങ്ങളിലും ഇവ നിയമപരമായി ഉപയോഗിക്കാവുന്നതാണ്. അവര്‍ ആവശ്യത്തിലധികം അനുഭവിച്ചു കഴിഞ്ഞു,’ ദേശായി കോടതിയില്‍ പറഞ്ഞു.
ഒക്ടോബര്‍ 7നാണ് മുംബൈ മജിസ്ട്രേറ്റ് കോടതി ആര്യന്‍ ഖാനെയും മറ്റ് ഏഴ് പേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഒക്ടോബര്‍ 8ന് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബര്‍ 3നാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്
ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്.