| Sunday, 7th November 2021, 11:09 am

ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതി, പിന്നില്‍ ബി.ജെ.പി നേതാവും സമീര്‍ വാങ്കഡെയും; ഗുരുതര ആരോപണവുമായി നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലഹരിക്കടത്ത് കേസില്‍ പുതിയ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതിയെന്ന് നവാബ് മാലിക് പറഞ്ഞു.

ബി.ജെ.പി നേതാവ് മോഹിത് കംബോജാണ് ഇതിന് പിന്നിലെ ആസൂത്രകനെന്നും അദ്ദേഹം പറഞ്ഞു.

‘ആര്യന്‍ ഖാന്‍ ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്ക് വേണ്ടി ടിക്കറ്റെടുത്തിരുന്നില്ല. പ്രതിക് ഗാബയും ആമിറുമാണ് ആര്യനെ അവിടെയെത്തിച്ചത്. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു ലക്ഷ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട സമീര്‍ വാങ്കഡെയുടെ പങ്കാളിയാണ് മോഹിത് കംബോജ്,’ മന്ത്രി പറഞ്ഞു.

ലഹരിക്കടത്ത് കേസില്‍ അകപ്പെട്ട മൂന്ന് പേരെ എന്‍.സി.ബി വിട്ടയച്ചതായും അദ്ദേഹം ആരോപിച്ചു. റിഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, അമീര്‍ ഫര്‍ണിച്ചര്‍വാല എന്നിവരെയാണ് വിട്ടയച്ചത്.

ഇതില്‍ റിഷഭ്, മോഹിത് കംബോജിന്റെ ഭാര്യാസഹോദരനാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആര്യന്‍ ഖാനെതിരായ അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റിയിട്ടുണ്ട്. ആര്യന്‍ ഖാനെതിരായ കേസ് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇനി അന്വേഷിക്കുക.

കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെ സമീര്‍ വാങ്കഡെയ്ക്കെതിരെ എന്‍.സി.ബി. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നീ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aryan Khan case all about kidnapping, ransom: Nawab Malik hits out at ‘mastermind’ Mohit Kamboj

We use cookies to give you the best possible experience. Learn more