ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ല, ക്രൂയിസ് കപ്പലില്‍ സഞ്ചരിച്ചത് കൊണ്ട് ഗൂഡാലോചന കുറ്റം ചുമത്താനാവില്ലെന്ന് മുംബൈ ഹൈക്കോടതി
India
ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ല, ക്രൂയിസ് കപ്പലില്‍ സഞ്ചരിച്ചത് കൊണ്ട് ഗൂഡാലോചന കുറ്റം ചുമത്താനാവില്ലെന്ന് മുംബൈ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th November 2021, 4:43 pm

മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി. ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാനും മറ്റു 2 പേര്‍ക്കും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മയക്ക് മരുന്നു കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റ് പരിശോധിച്ചെങ്കിലും ആര്യന്‍ ഖാനും, അര്‍ബാസ് മെര്‍ച്ചന്റും, മൂണ്‍ മൂണ്‍ ധമേച്ചയ്ക്കുമെതിരായുള്ള തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു

കോര്‍ഡേലിയ ക്രൂയിസ് കപ്പലില്‍ സഞ്ചരിച്ചുവെന്നത് കൊണ്ട് അവരുടെ മേല്‍ ഗൂഡാലോചന കുറ്റം ചുമത്താനാവില്ല. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമര്‍പ്പിച്ച തെളിവുകളില്‍ നിന്നും നിയമവിരുദ്ധമായി എന്തെങ്കിലും കുറ്റം ഇവര്‍ ചെയ്തിട്ടുണ്ടെന്ന് കോടതിയെ വിശ്വസിപ്പിക്കാനായിട്ടില്ലെന്ന് ജാമ്യം നല്‍കിയതിന് കാരണമായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒക്ടാബര്‍ 28 നാണ് ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാനും മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം ലഭിച്ചത്. അന്ന് ജാമ്യം നല്‍കി കൊണ്ട് ചുരുക്കത്തിലുള്ള ഉത്തരവായിരുന്നു കോടതി പുറപ്പെടുവിച്ചിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് വിശദീകരിച്ച് കൊണ്ട് അല്പം കൂടി വിപുലമായ ഉത്തരവാണ് മുംബൈ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.

ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി. ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: aryan-khan-bail-order-out-says-no-evidence-of-conspiracy