| Thursday, 7th October 2021, 8:33 pm

കസ്റ്റഡി കാലാവധി നീട്ടാനാവില്ല; ഇനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എന്‍.സി.ബിയുടെ ആവശ്യം കോടതി തള്ളി. എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

‘ ഇതുവരെ മതിയായ സമയം നല്‍കിയതിനാല്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ഇനി ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു,’ എന്ന് നിരീക്ഷിച്ച ശേഷമാണ് ജഡ്ജി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്.

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഏജന്‍സിയുടെ പിടിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയതിന് തൊട്ടു പിന്നാലെ ആര്യന്‍ ഖാന്റെ വക്കീല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ജയിലിലേക്ക് കൈമാറാനുള്ള സമയം അവസാനിക്കുകയും നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തുകയും ചെയ്യേണ്ടതിനാല്‍ ആര്യനും മറ്റ് പ്രതികളും ഇന്ന് രാത്രി മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സിയുടെ ഓഫീസുകളില്‍ തന്നെ കഴിയേണ്ടി വരും.

വിധി പറയുമ്പോള്‍ ഷാരൂഖും ഗൗരിയും കോടതിയില്‍ ഉണ്ടായിരുന്നില്ല.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാനടക്കം പത്ത് പേര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.

അതേസമയം, ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.

ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍,21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 1,33,000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aryan Khan Applies For Bail, Mumbai Court Decision Tomorrow

We use cookies to give you the best possible experience. Learn more