ന്യൂദല്‍ഹി: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ ഷാരൂഖ് ഖാന്‍ ലഹരി വിമുക്ത കേന്ദ്രത്തില്‍ ആക്കണമെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ.
‘ചെറുപ്രായത്തില്‍ തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നല്ലതല്ല. ആര്യന്‍ ഖാന് ഒരു ഭാവിയുണ്ട്. ആര്യന്‍ ഖാനെ മന്ത്രാലയവുമായി ബന്ധപ്പെട്ട ഡി-അഡിക്ഷന്‍ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അയയ്ക്കാന്‍ ഞാന്‍ ഷാരൂഖിനെ ഉപദേശിക്കുന്നു,’ അത്താവലെ പറഞ്ഞു.
ആര്യനെ ജയിലില്‍ അടയ്ക്കുന്നതിനുപകരം ഒന്നോ രണ്ടോ മാസം ലഹരി വിമുക്ത കേന്ദ്രത്തില്‍ ആക്കണമെന്നും രാജ്യത്തുടനീളം അത്തരം നിരവധി കേന്ദ്രങ്ങളുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ആര്യന്‍ ലഹരിമരുന്നിന്റെ ഉപയോഗത്തില്‍ നിന്ന് മുക്തനാകുമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.
ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.
ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആര്യന്‍ ഖാനെ കാണാന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തിയിരുന്നു.
അതേസമയം, ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്ക്കെതിരെയും പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി. ഗോസാവിക്കെതിരേയും ഗുരുതരാരോപണവുമായി
കെ.പി. ഗോസാവിയുടെ അംഗരക്ഷകരിലൊരാളായ പ്രഭാകര്‍ സെയ്ല്‍ എന്നയാള്‍ രംഗത്തെത്തിയിരുന്നു.
വാങ്കഡെയും ഗോസാവിയും കേസില്‍ ഗൂഢാലോചന നടത്തുന്നതായും പണം കൈമാറുന്നതായും കണ്ടുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം.