മുംബൈ ഇന്ത്യൻസ് കൈവിട്ടുകളഞ്ഞവൻ കത്തിക്കയറി; ലഖ്‌നൗവിൽ ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ചെത്തി
Cricket
മുംബൈ ഇന്ത്യൻസ് കൈവിട്ടുകളഞ്ഞവൻ കത്തിക്കയറി; ലഖ്‌നൗവിൽ ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ചെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 8:01 am

ഉത്തര്‍പ്രദേശ് ടി-20 ലീഗില്‍ ഗോരാക്പൂര്‍ ലയന്‍സിന് കൂറ്റന്‍ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ നോയിഡ സൂപ്പര്‍ കിങ്സിനെ 91 റണ്‍സിനാണ് ഗോരാക്പൂര്‍ പരാജയപ്പെടുത്തിയത്. ലഖ്‌നൗവിലെ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നോയിഡ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗോരാക്പൂര്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നോയിഡ 17 ഓവറില്‍ 127 റണ്‍സിന് പുറത്താവുകയായിരുന്നു.

ഗോരാക്പൂരിന് വേണ്ടി സെഞ്ച്വറി നേടി ആര്യന്‍ ജുയൽ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 54 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടിക്കൊണ്ടാണ് ആര്യന്‍ തിളങ്ങിയത്. പത്ത് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം നേടിയത്.

2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു ആര്യന്‍. എന്നാല്‍ ആ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അടുത്ത സീസണില്‍ ആര്യന്‍ ടീം വിടുകയായിരുന്നു.

ഇപ്പോള്‍ 2025 ഐ.പി.എല്‍ ലേലം നടക്കാനിരിക്കെ താരം ഇത്തരത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നതിലൂടെ ആര്യന് വീണ്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകാന്‍ സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

ആര്യന് പുറമേ ക്യാപ്റ്റന്‍ ധ്രുവ് ജുറെല്‍ 46 പന്തില്‍ 70 റണ്‍സ് നേടി വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായി. മൂന്ന് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് രാജസ്ഥാന്‍ റോയല്‍സ് താരം നേടിയത്.

മറുപടി ബാറ്റിങ്ങില്‍ സൂപ്പര്‍ കിങ്സ് തകര്‍ന്നടിയുകയായിരുന്നു. ഗോരാക്പൂരിനായി ശിവം ശര്‍മ മൂന്ന് വിക്കറ്റും സൗരഭ് കുമാര്‍,വിജയ് യാദവ്, അങ്കിത് രാജ്പൂത് എന്നിവര്‍ രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ സൂപ്പര്‍ കിങ്സ് ഇന്നിങ്‌സ് 127 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

നോയിഡക്കായി മുഹമ്മദ് ഷരീം 25 പന്തില്‍ 56 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏഴ് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറുമാണ് ഷരീം അടിച്ചെടുത്തത്. 17 പന്തില്‍ 24 റണ്‍സ് നേടി ഹന്നാന്‍ റിസ്വാനും 21 പന്തില്‍ 20 റണ്‍സ് നേടി ക്യാപ്റ്റന്‍ നിതീഷ് റാണയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

 

Content Highlight: Aryan Duyal Great Performance Uthar Pradesh T20 League