പണിമുടക്കിയാല്‍ കര്‍ശനനടപടി; ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് ആര്യാടന്‍
Kerala
പണിമുടക്കിയാല്‍ കര്‍ശനനടപടി; ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് ആര്യാടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2013, 10:23 am

[]തിരുവനന്തപുരം: സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ്സുടമകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

അനിശ്ചിതകാലസമരത്തിലേക്ക് സ്വകാര്യ ബസ്സുടമകള്‍ നീങ്ങിയാല്‍ കര്‍ശന നടപടിയെടുക്കും. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമെ ചാര്‍ജ് വര്‍ധനയുടെ കാര്യം ആലോചിക്കൂ.

അതിനാല്‍ റിപ്പോര്‍ട്ട് കിട്ടാത്ത സ്ഥിതിക്ക് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍ പറഞ്ഞു.

ഇപ്പോഴത്തെ സമരത്തിന് കാരണം സംഘനടകള്‍ തമ്മിലുള്ള മത്സരമാണ്. അതിന് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കേണ്ട കാര്യമില്ലെന്നും ആര്യാടന്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച ഇരുപത്തിനാല് മണിക്കൂര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു.

ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്റെ കീഴിലുള്ള ചെറിയൊരുവിഭാഗം ഉടമകളുടെ ബസ്സുകളാണ് പണിമുടക്കുന്നത്.

ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. . ഇന്നത്തെ സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.