| Wednesday, 30th September 2020, 11:30 pm

വിദ്യാഭ്യാസ തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂരിലെ മേരിമാത എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യ ചെയ്തു. കേസിലെ മുഖ്യപ്രതി സിബി വയലിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

ബുധനാഴ്ച്ച രാവിലെ 11 നാണ് ആര്യാടന്‍ ഷൗക്കത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായത്. വൈകിട്ട് നാല് മണിവരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കേസിലെ മുഖ്യപ്രതി സിബി വയലിലുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് സൂചന.

സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ശരിയാക്കാ‌മെന്ന് പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു എന്നാണ് കേസ്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പുകള്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിബി വയലില്‍ കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയതിന് പുറമെ മൂന്ന് കോടി രൂപ കൈക്കൂലി നല്‍കി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗമെന്ന് വ്യാജ മേല്‍വിലാസം സംഘടിപ്പിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aryadan Shoukath Questioned by enforcement

We use cookies to give you the best possible experience. Learn more