| Thursday, 15th April 2021, 8:16 am

പദവികള്‍ക്ക് വേണ്ടി മതേതരമൂല്യങ്ങള്‍ പണയം വെയ്ക്കില്ല; ആത്മാഭിമാനം കളങ്കപ്പെടുത്തി കീഴ്‌പ്പെടില്ല: വി.വി പ്രകാശിനെതിരെ ആര്യാടന്‍ ഷൗക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ജില്ലയുടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ നീക്കിയതിനെതിരെ വിമര്‍ശനവുമായി ആര്യാടന്‍ ഷൗക്കത്ത്. തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ ഒഴിവാക്കാനുള്ള നടപടിയായിരുന്നു ഇതെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇപ്പോള്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുന്‍ പ്രസിഡന്റ് വി.വി പ്രകാശിനെ തന്നെ നിയമിക്കുകയായിരുന്നു. ഇതിനെതിരെയാണ് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തിയത്.  വി.വി പ്രകാശിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ പോസ്റ്റ്.

‘പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവ് കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിര്‍ത്താം. പദവികള്‍ക്കു വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച് മതാത്മക രാഷ്ടീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക.

ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്,’ ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കില്‍ എഴുതി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച മണ്ഡലമായിരുന്നു നിലമ്പൂര്‍. സീറ്റിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും വി.വി പ്രകാശും രംഗത്തെത്തിയതായിരുന്നു തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്.

ഏറെ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിലമ്പൂരില്‍ വി.വി. പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കാനും ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാനും തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Aryadan Shoukath against Congress and UDF

We use cookies to give you the best possible experience. Learn more