'ടാക്‌സ് ലാഭിച്ചാല്‍ അവസാനം ബോട്ടിലെത്തും'; സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ അമലാ പോളിനെ പരിഹസിച്ച് ആര്യ; മറുപടി പറഞ്ഞ് അമലയും
Daily News
'ടാക്‌സ് ലാഭിച്ചാല്‍ അവസാനം ബോട്ടിലെത്തും'; സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ അമലാ പോളിനെ പരിഹസിച്ച് ആര്യ; മറുപടി പറഞ്ഞ് അമലയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2017, 6:25 pm

കോഴിക്കോട്: കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ പരിഹസിച്ച് നേരത്തെ നടി അമല പോള്‍ രംഗത്തെത്തിയിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമല ആരോപണത്തെ പരിഹസച്ചത്. എന്നാല്‍ ഇപ്പോഴിതാ അമലയെ കളിയാക്കി തമിഴ് സിനിമാ താരം ആര്യ രംഗത്തെത്തിയിരിക്കുകയാണ്.

റോഡ് ടാക്‌സ് ലാഭിച്ചാല്‍ നിങ്ങള്‍ എത്തിച്ചേരുന്നത് അവസാനം ബോട്ടിലായിരിക്കും എന്നായിരുന്നു ആര്യയുടെ പരിഹാസം. കഴിഞ്ഞ ദിവസം ബോട്ടില്‍ യാത്ര ചെയ്യുന്ന ചിത്രമായിരുന്നു അമല നികുതിവെട്ടിപ്പ് ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തത്.

ആര്യയുടെ പരിഹാസത്തിന് ഉടനെ തന്നെ അമലയും മറുപടി നല്‍കി. സൈക്കിളില്‍ സഞ്ചരിച്ചും ഓടിയുമൊക്കെ ആര്യ സൂക്ഷിച്ചു വെച്ച പൈസ പോലെ തന്നെയാണ് തന്റേതെന്നുമായിരുന്നു അമലയുടെ മറുപടി.

“”ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളില്‍ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്. അതിനായി ഒരു ബോട്ട് യാത്രയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചര്‍ച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ ? “” എന്നായിരുന്നു കഴിഞ്ഞ ദിവസം അമല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.


Also Read: ‘കടലോളം ഉണ്ടായിട്ടും എന്തിനാണു നക്കി കുടിക്കുന്നത് കോരി കുടിച്ചൂടെ?’ നികുതി വെട്ടിപ്പ് ആരോപണങ്ങളെ പരിഹസിച്ച അമലാ പോളിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ


ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.” 20 ലക്ഷം രൂപ നികുതി വെട്ടിച്ച് ആരും അറിയാതെ ജീവിക്കുമ്പോള്‍ ഇങ്ങനെ കണ്ടുപിടിച്ച് നാണംകെടുത്തുന്നത് എന്തൊരു കഷ്ടമാണ്.” എന്നായിരുന്നു ഒരു കമന്റ്.

അഭിനയിച്ചിട്ട് പൈസ കിട്ടാതൊന്നും ഇല്ലല്ലോ? സാധാരണക്കാരന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ജോലി ചെയ്താല്‍ കിട്ടാത്ത അത്രയും പണം അമലാ പോളേ നിങ്ങക്കെല്ലാം മൂന്ന് അല്ലേല്‍ നാലു മാസം കൊണ്ട് തീരുന്ന സിനിമാ ഷെഡ്യൂളില്‍ കിട്ടുന്നില്ലേ…
കടലോളം ഉണ്ടായിട്ടും എന്തിനാണു നക്കി കുടിക്കുന്നത് കോരി കുടിച്ചൂടെ?. എന്നിങ്ങനെയാണ് കമന്റുകള്‍ പോകുന്നത്.

നടി അമലാപോള്‍ ഇരുപത് ലക്ഷത്തോളം റോഡ് നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തല്‍. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.