|

ഒരു കമന്റിന് നൂറു തെറി എന്ന രീതിയില്‍ തിരിച്ചുവന്നു, അവരുടെ പട്ടിണി മാറിക്കോട്ടെയെന്ന് ഞാനും കരുതി; അനുഭവം തുറന്നു പറഞ്ഞ് ആര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെലിവിഷന്‍ അവതാരകയായും ഹാസ്യതാരമായും ശ്രദ്ധനേടിയ നടിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയത്.

ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം തനിക്കു നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആര്യ. വായിച്ചാല്‍ അറപ്പുളവാക്കുന്ന കമന്റുകളാണ് തന്റെ ഓരോ ഫോട്ടോയ്ക്ക് താഴെയും ആളുകള്‍ ഇട്ടിരുന്നതെന്ന് ആര്യ പറയുന്നു.

സൈബര്‍ അറ്റാക്കിന്റെ ആദ്യ ഘട്ടങ്ങളില്‍ സഹികെട്ട് താന്‍ കമന്റു ബോക്‌സുകളില്‍ മറുപടി നല്‍കുമായിരുന്നെന്നും എന്നാല്‍ തന്റെ ഒരു കമന്റിന് നൂറ് തെറി എന്ന രീതിയിലാണ് തിരിച്ചുവന്നിരുന്നതെന്നും ആര്യ പറയുന്നു.

‘ബിഗ്‌ബോസ് ഷോയുടെ സമയത്ത് തെറിവിളിക്കുന്നത് ഷോയുടെ ഭാഗമാണെന്ന് കരുതാം. എന്നാല്‍ ഷോയും അവസാനിച്ച് ലോകം മുഴുവന്‍ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കമന്റ് ബോക്‌സിലും യൂട്യൂബിലും എന്നെയും കുടുംബത്തെയും ആക്രമിക്കുകയാണുണ്ടായത’്. ആര്യ പറഞ്ഞു.

പല കമന്റുകളും പ്ലസ്ടുവിലും പത്താംക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ഇട്ടിരുന്നതെന്നും അവരുടെ മാതാപിതാക്കളെ വിളിച്ച് താന്‍ സംസാരിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. സൈബര്‍ സെല്ലിനെ പോലും പേടിയില്ലാത്ത ഒരു വിഭാഗമാണ് ഇതു ചെയ്യുന്നതെന്ന് മനസ്സിലായെന്നും അതിനാല്‍ വലിയ നിയമനടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്നും ആര്യ പറയുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് ആര്‍ക്കും പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലായിരുന്നല്ലോയെന്നും, ഞങ്ങളെ മോശമായി കാണിച്ചാല്‍ അവരുടെ പട്ടിണി മാറുമല്ലോ എന്ന് കരുതിയെന്നും ആര്യ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സൈബര്‍ അറ്റാക്കിനെതിരെ നേരത്തേ നിരവധി നടിമാര്‍ രംഗത്തു വന്നിട്ടുണ്ട്.

നേരത്തേ സ്ത്രീവിരുദ്ധമായ രീതിയില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്ന യൂട്യൂബര്‍ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ആക്റ്റിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Arya shares experience about cyber attack