| Sunday, 23rd October 2022, 7:46 am

'നോ' എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം; യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ബന്ധം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനെപ്പോലെ സ്ത്രീക്കുമുണ്ട്: ആര്യ രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ കണ്ണൂര്‍ പാനൂര്‍ വള്ള്യായിലെ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ജീവിതത്തില്‍ ‘യെസ്’ എന്ന് മാത്രമല്ല ‘നോ’ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയമെന്ന് ആര്യ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നില്‍ നിന്ന് മായുന്നില്ല. അവള്‍ ആക്രമിക്കപെട്ടപ്പോള്‍ അനുഭവിച്ച വേദനയേക്കാള്‍ പതിന്മടങ്ങു വേദന അതിന് മുന്‍പുള്ള ദിവസങ്ങളില്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവര്‍ തിരിച്ചറിയുക. ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവള്‍ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാര്‍ ഈ നാട്ടില്‍ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രമെന്നും ആര്യ പറഞ്ഞു.

ഒരു പെണ്‍കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാല്‍ അവള്‍ക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആള്‍ക്കൂട്ട ആക്രമണത്തെയും വരെ അവള്‍ നേരിടേണ്ടി വരും. അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേള്‍വികളുടെ മാത്രം ബലത്തില്‍ സ്വന്തം മനോരോഗത്തിന് ശാന്തി കിട്ടാന്‍ സാമൂഹ മാധ്യമത്തിലൂടെ അവള്‍ക്ക് നേരെ അധിക്ഷേപം ചൊരിയുന്ന വേറെയും കുറേ ആങ്ങളമാര്‍ ഉണ്ട് ഇക്കാലത്ത്. ഇത്തരം മനോരോഗികളെ കണ്ടെത്തി തക്കതായ ചികിത്സ നല്‍കിയില്ലെങ്കില്‍ നാളെ മറ്റേതെങ്കിലും ഒരു പെണ്‍കുട്ടി ഇരയാവുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ജീവിതത്തില്‍ ‘യെസ്’ എന്ന് മാത്രമല്ല ‘നോ’ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് ‘പ്രണയം’. അതിന് പ്രണയിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്‌നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണ ആദ്യം തിരുത്തണം. ഏറ്റവും പ്രധാനം അത്തരം ചിന്തകള്‍ക്കും പറച്ചിലുകള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നും ആര്യ രാജേന്ദ്രന്‍ കുറിപ്പില്‍ പറഞ്ഞു.

അതേസമയം, കണ്ണൂര്‍ പാനൂര്‍ വള്ള്യായിലെ കണ്ണച്ചാന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയ(23)യെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇവരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.

സംഭവത്തില്‍ മാനന്തേരി സ്വദേശി ശ്യാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുഞ്ഞിരുന്നത്.

Content Highlight: Arya Rajendran says Love is the freedom to say ‘no’ too; A woman has the same freedom to end a relationship as a man if she cannot agree

We use cookies to give you the best possible experience. Learn more