തിരുവനന്തപുരം: കെട്ടിടനമ്പര്‍ നല്‍കുന്നതിലെ ക്രമക്കേടില്‍ ആരോപണവിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ ബി.ജെ.പി കൗണ്‍സിലമാരുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ വിമര്‍ശനവുമായി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍.
കെട്ടിടനമ്പര്‍ നല്‍കുന്നതില്‍ ക്രമക്കേട് നടന്ന കേസില്‍ പ്രതിയാക്കപ്പെട്ട നഗരസഭയിലെ ജീവനക്കാരന്‍ ബി.ജെ.പി അനുകൂല യൂണിയന്റെ നേതാവാണ് എന്നതാണ് ബി.ജെ.പിക്കുണ്ടായ പ്രകോപനത്തിന് കാരണമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആര്യ പറഞ്ഞു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
നഗരസഭാ ഓഫീസിന് മുന്നില്‍ ഇന്ന് നടന്നത് ജനാധിപത്യത്തിനും സാമാന്യമര്യാദയ്ക്കും നിരക്കാത്തത്. കെട്ടിടനമ്പര്‍ നല്‍കുന്നതിലെ ക്രമക്കേടില്‍ ആരോപണവിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ ബി.ജെ.പി കൗണ്‍സിലമാരുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അസഹിഷ്ണുത അന്ധരാക്കിയ ബി.ജെ.പി നേതൃത്വം സാമാന്യ മര്യാദയുടെ എല്ലാ അതിരും ലംഘിക്കുകയാണ്. ജനാധിപത്യത്തില്‍ പാലിക്കേണ്ട മര്യാദകള്‍ ബി.ജെ.പിക്ക് ബാധകമല്ല എന്ന ധാരണയാണ് അവരെ നയിക്കുന്നത്. എന്നാല്‍ നാട് അത് അംഗീകരിക്കില്ല.
കെട്ടിടനമ്പര്‍ നല്‍കുന്നതില്‍ സംസ്ഥാനത്ത് പല നഗരസഭകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ നമ്മുടെ നഗരസഭയിലും കര്‍ശനമായ പരിശോധന നടത്തിയിരുന്നു. അതിന്റെ വിശദാംശങ്ങള്‍ നേരത്തെ പറഞ്ഞതാണ്. അതില്‍ പ്രതിയാക്കപ്പെട്ട ആളിന്റെ ഭര്‍ത്താവ് നഗരസഭയിലെ സ്ഥിരം ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ ക്രമക്കേട് പ്രസ്തുത സോണലില്‍ നടന്നത് എന്ന എല്‍.ഡി.എഫ് ആരോപണം ന്യായവുമാണ്. അതേകുറിച്ച് അന്വഷണവും നടക്കുന്നുണ്ട്.
ഇതില്‍ ബി.ജെ.പിക്ക് എന്തിനാണ് പ്രകോപനം ഉണ്ടാകുന്നത് എന്ന് ജനങ്ങള്‍ക്ക് സ്വാഭാവികമായി സംശയമുണ്ടായേക്കാം. ആ ജീവനക്കാരന്‍ ബി.ജെ.പി അനുകൂല യൂണിയന്റെ നേതാവാണ് എന്നതാണ് കാര്യം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഈ ക്രമക്കേട് ഉന്നയിച്ച് പതിവ് ബഹളത്തിന് മുതിര്‍ന്ന ബി.ജെ.പി അംഗങ്ങള്‍ ഈ ജീവനക്കാരന്റെ പങ്കിനെ സംബന്ധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ സംശയം ഉന്നയിച്ചപ്പോള്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. അതിന്റെ ജാള്യത മറച്ച് വെക്കാന്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് നഗരത്തിലെ സമാധാനജീവിതം തകര്‍ക്കാനും, നഗരത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് തുരങ്കം വയ്ക്കാനുമാണ് ഇന്ന് ഒരു കാര്യവുമില്ലാതെ ഈ ബോര്‍ഡുകള്‍ അടിച്ച് തകര്‍ത്തത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളതും ഓരോദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ അവരുടെ പലവിധ ആവശ്യങ്ങള്‍ക്കായി വന്ന് പോവുകയും ചെയ്യുന്ന ഒരു ഓഫീസാണ് തിരുവനന്തപുരം നഗരസഭയുടെ മെയിന്‍ ഓഫീസ്. അവിടെ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അവിടെയെത്തുന്ന സാധാരണക്കാരായ മനുഷ്യരെ ഭയപെടുത്തുക എന്നതും ഭരണസമിതിയെ ഒരു ദിവസം പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന വാശിയാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നത്. അത്തരം ഒരു ഭീഷണിക്കും മുന്‍പില്‍ ഈ ഭരണസമിതി മുട്ടുമടക്കില്ല എന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. നഗരവികസനം മുഖ്യ അജണ്ടയാക്കി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ് ഭരണസമിതിയ്ക്ക് ജനങ്ങളുടെ നല്ല പിന്തുണയുണ്ട്. ബി.ജെ.പിയുടെ ഈ രാഷ്ട്രീയ നാടകം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി വികസനവും സമാധാനവും എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച് നഗരസഭാ മുന്നോട്ട് പോകും.
Content Highlight: Arya Rajendran says BJP councilors in Thiruvananthapuram Municipal Corporation are violating all bounds of decency, this cannot be allowed