കത്തില്‍ പറയുന്ന ഒഴിവുകള്‍ നേരത്തെ പരസ്യം ചെയ്തത്; മാതൃഭൂമിയിലും കേരള കൗമുദിയിലും വന്ന പരസ്യത്തിന്റെ കോപ്പി കയ്യിലുണ്ട്: ആര്യ രാജേന്ദ്രന്‍
Kerala News
കത്തില്‍ പറയുന്ന ഒഴിവുകള്‍ നേരത്തെ പരസ്യം ചെയ്തത്; മാതൃഭൂമിയിലും കേരള കൗമുദിയിലും വന്ന പരസ്യത്തിന്റെ കോപ്പി കയ്യിലുണ്ട്: ആര്യ രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th November 2022, 6:56 pm

തിരുവനന്തപുരം: നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി മുന്‍ഗണനാ പട്ടികയാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചതെന്ന് നിലയില്‍ പുറത്തുവന്ന കത്തില്‍ കൂടുതല്‍ പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍.

കത്തില്‍ നേരിട്ടോ അല്ലാതെയോ താന്‍ ഒപ്പ് വെച്ചിട്ടില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് പത്രത്തില്‍ നേരത്തെ തന്നെ പരസ്യം ചെയ്തതാണെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കത്തില്‍ പറയുന്ന തസ്തികകളിലേക്കുള്ള ഒഴിവുകള്‍ വസ്തുതാപരമാണോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മേയര്‍.

‘നവംബര്‍ ഒന്നിന് വന്നത് എന്ന നിലയിലാണ് ഈ കത്ത് പ്രചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ മാതൃഭൂമി, കേരള കൗമുദി തുടങ്ങിയ ദിനപ്പത്രങ്ങളില്‍ ഈ തസ്തികയിലേക്ക് ഇന്റര്‍വ്യു ക്ഷണിച്ചുകൊണ്ടുള്ള വാര്‍ത്ത വന്നിട്ടുണ്ട്.

പത്രവാര്‍ത്തയില്‍ വന്നത് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും അത് എല്ലാവരും അറിഞ്ഞതാണ്. എത്ര തസ്തികയില്‍ ഒഴിവുണ്ട് എന്നതടക്കം ആ വാര്‍ത്തിയിലുണ്ടായിരുന്ന കണ്ടന്റാണ് ആ കത്തിലുള്ളത്.

ആരോഗ്യവിഭാഗത്തില്‍ നിന്നും വന്ന നോട്ടിഫിക്കേഷനാണ് അത്. അതിന്റെ ഫയല്‍ ഞാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി പരിശോധിപ്പിച്ചിരുന്നു. വളരെ നേരത്തെ തന്നെ ഗോപകുമാര്‍ എന്ന ഹെല്‍ത്ത് ഓഫീസര്‍ ഒപ്പുവെച്ച പത്രപരസ്യം പോയിട്ടുണ്ട്. രണ്ട് പത്രത്തിലും ഈ പരസ്യം പ്രസിദ്ധീകരിച്ചതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എന്റെ കയ്യിലുണ്ട്.

പത്രത്തില്‍ വന്നതിന് ശേഷമാണോ കത്ത് തയ്യാറാക്കിയത്, അല്ലെങ്കില്‍ അറിയാവുന്ന ആരെങ്കിലും ചെയ്തതാണോ എന്നതെല്ലാം പൊലീസ് അന്വേഷണത്തിലും സര്‍ക്കാര്‍ തല അന്വേഷണത്തിലുമേ വ്യക്തമാകൂ. അതിന്റെ കൂടി അടിസ്ഥാനത്തിലേ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനാകൂ,’ മേയര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കണ്ട് തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അവര്‍.

ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്നും ആര്യ പറഞ്ഞു.

ചോദ്യങ്ങളിലേക്കും മറുപടികളിലേക്കും കടക്കും മുമ്പ്, ചില മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പിടിച്ച കള്ളനെ പോലെയാണ് തന്നോട് പെരുമാറിയതെന്നും ആര്യ അഭിപ്രായപ്പെട്ടിരുന്നു.

‘ആ കത്തിന്റെ മറുപടിയിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്ന് ഏറെ രസകരവും കൗതുകവുമായി തോന്നിയ ചില മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ കുറിച്ച് പറയാം. ഏതോ ഒരു കള്ളനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നത് പോലെയാണ് പിന്തുടര്‍ന്ന് വന്നത്.

നമ്മുടേതല്ലാത്ത ഒരു കത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതില്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണമെന്ന് തീരുമാനിച്ചയാളാണ് ഞാന്‍. നമുക്ക് എന്തെങ്കിലും മറയ്ക്കാനോ ഒളിക്കാനോ ഉണ്ടെങ്കില്‍ അത് ചെയ്യില്ലല്ലോ. അങ്ങനെയൊരു സമയത്ത് ശരിയായ രീതിയിലുള്ള സമീപനമല്ല ചിലരുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ന് ഞാന്‍ ആദ്യമേ പറയാന്‍ ആഗ്രഹിക്കുകയാണ്,’ മേയര്‍ പറഞ്ഞു.

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താല്‍ക്കാലിക തസ്തികകളിലേക്ക് നിയമനത്തിനായി മുന്‍ഗണനാ പട്ടികയാവശ്യപ്പെട്ടുളളതാണ് പുറത്തുവന്ന കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.

കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും കത്തിലുണ്ടായിരുന്നു.

ഇതിന് പിന്നാലെ ഇങ്ങനെയൊരു കത്ത് കയ്യില്‍ കിട്ടിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിയിരുന്നു. ‘അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കണമോ എന്ന് മേയറുമായി ആലോചിച്ച് തീരുമാനിക്കും,’ എന്നായിരുന്നു ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപണത്തില്‍ പ്രതികരിച്ചിരുന്നു.
കത്തയച്ചിട്ടില്ല എന്ന് മേയര്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അതിലിനി ഇടപെടേണ്ടതില്ലെന്നും പിന്‍വാതിലിലൂടെ മാര്‍ക്സിസ്റ്റുകാരെ തിരുകിക്കയറ്റുന്ന നിലപാടല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനുമുള്ളതെന്നുമാണ് എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

Content Highlight: Arya Rajendran says ads about the vacancies mentioned the controversial letter has been published way before