| Monday, 1st August 2022, 2:17 pm

നഗരസഭയില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനും സ്‌പോര്‍ട്‌സ്‌ ടീം; ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്‌പോര്‍ട്‌സ് ടീമുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുന്നതെന്നാണ് മേയര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഇതില്‍ ‘ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക,’ എന്ന മേയറുടെ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കുന്നത്.

ഒരു ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് അങ്ങനെ ഒരു വര്‍ഗീകരണം എന്നാണ് ഉയരുന്ന വിമര്‍ശനം. എസ്.സി, എസ.ടിക്ക് പ്രത്യേക ഫുട്‌ബോള്‍ ടീമിലൂടെ നഗരസഭ എന്താണ് ഉദ്ദേശിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. ‘നായന്‍മാരുടെയും മേനോന്‍മാരുടെയും തിയ്യന്‍മാരുടെയും പ്രത്യേക ടീം കൂടെ വേണ’മെന്നു ഒരാള്‍ കമന്റിലൂടെ പരിഹസിച്ചത്. വിഷയത്തില്‍ വിശദീകരണത്തിനായി ആര്യ രാജേന്ദ്രനെ ഡൂള്‍ന്യൂസ് ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അവര്‍
തയ്യാറായില്ല.

അതേസമയം, സ്‌പോര്‍ട്‌സ് ടീമിനായി വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യുമെന്നും 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുകയെന്നും മേയര്‍ വ്യക്തമാക്കി.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

‘നഗരസഭയ്ക്ക് സ്വന്തമായി സ്‌പോര്‍ട്‌സ് ടീം. നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണ്. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവര്‍ക്കാവശ്യമായ പരിശീലനം നഗരസഭ നല്‍കുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളില്‍ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്.

അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുമായും ഉടന്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.

നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീര്‍ക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാന്‍ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’

CONETNT HIGHLIGHTS:  Arya Rajendran’s Facebook post Criticism against General Section and SC/ST Section in Municipal Corporation

We use cookies to give you the best possible experience. Learn more