തിരുവനന്തപുരം: പാചകവാതക വിലവര്‍ധനവില്‍ ആശങ്കയറിയിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മേയര്‍ തന്റെ ആശങ്ക പങ്കുവെച്ചത്.
പാചകവാതകത്തിന് വീണ്ടും വില വര്‍ധിച്ച് 1006 രൂപയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം. മെയ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 103 രൂപ കൂട്ടിയതിന് പിന്നാലെയാണ് എണ്ണക്കമ്പനികള്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടര്‍ ഗ്യാസിന് 1006 രൂപ 50 പൈസയാണ് വില.
ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ലേ എന്ന് ആര്യ പോസ്റ്റില്‍ ചോദിക്കുന്നു.
അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയായാണ് ഇക്കാര്യം ചോദിക്കുന്നതെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ വില വര്‍ധനവാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ധന വില ഉയരുന്നതിന് ആനുപാതികമായാണ് പാചക വാതക വിലയും ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം മാത്രം സിലിണ്ടറിന് 250 രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്.
ഉക്രൈന്‍ യുദ്ധമുണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനാല്‍ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നും എണ്ണ കിട്ടിയിട്ടും അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ് എല്‍.പി.ജി വില കമ്പനികള്‍ നിശ്ചയിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്.
ഉജ്ജ്വല പദ്ധതിയിലൂടെ ഒരു കോടി സൗജന്യ സിലിണ്ടറുകള്‍ ഈ വര്‍ഷം നല്‍കിയിട്ടുണ്ടെന്നും ഇതുണ്ടാക്കുന്ന ചിലവും വിലവര്‍ധനവിന് കാരണമാകുമെന്നുമാണ് കമ്പനികള്‍ പറയുന്നത്. എല്‍.പി.ജിയുടെ മാത്രമല്ല വീടുകളിലേക്ക് പൈപ്പുകളിലെത്തുന്ന പ്രകൃതി വാതകത്തിന്റെ വിലയും കഴിഞ്ഞ ദിവസം യൂണിറ്റിന് നാലേ കാല്‍ രൂപ കമ്പനികള്‍ കൂട്ടിയിരുന്നു.
2014 ജനവവരിയില്‍ പാചക വാതക വില 1241 രൂപയില്‍ എത്തിയിട്ടുണ്ടായിരുന്നു എന്നാല്‍ അപ്പോള്‍ 600 രൂപ സബ്‌സിഡിയായി ഉപഭോക്താക്കള്‍ക്ക് തിരിച്ചു ലഭിച്ചിരുന്നു. സബ്‌സിഡിയില്ലാതെ ഗാര്‍ഹിക സിലിണ്ടറിന് 1000 രൂപക്ക് മുകളില്‍ വില എത്തുന്നത് ഇത് ആദ്യമായാണ്.