അട്ടപ്പാടിയില്‍ ഇറോം ശര്‍മ്മിളയുമായി ഒരു കൂടിക്കാഴ്ച
Dool Talk
അട്ടപ്പാടിയില്‍ ഇറോം ശര്‍മ്മിളയുമായി ഒരു കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th April 2017, 2:47 pm

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവരെ സംബന്ധിച്ച് സാധ്യമായത് ഇത്തരത്തില്‍ ഒരു ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു. ആളുകളെ സംഘടിപ്പിക്കാന്‍ കഴിവോ പണമോ ഇല്ലാത്ത അവസ്ഥയില്‍ സ്വന്തം ശരീരം തന്നെ സമരമാര്‍ഗ്ഗം ആക്കുകയായിരുന്നു അവര്‍.


ഡിഗ്രിക്ക് പഠിക്കുന്നകാലത്താണ് ഇറോം ശര്‍മിള എന്ന പേര് ആദ്യമായി കേട്ടത്. അവരെക്കുറിച്ച് വായിച്ച് തുടങ്ങിയപ്പോള്‍ അത്ഭുതവും അതിലേറെ ആകാംക്ഷയും തോന്നി. ഇത്രയധികം ഇച്ഛാശക്തിയുള്ള ഒരു വ്യക്തിയെക്കുറിച്ച് അന്നുവരെ കഥകളില്‍ പോലും കേട്ടിട്ടില്ലായിരുന്നു.

പട്ടാളക്കാര്‍ക്ക് സ്വയം ഭരണാധികാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് 16 വര്‍ഷമായി നിരാഹാരം കിടക്കുന്നൊരു സ്ത്രീ. വിശപ്പ് എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യത്തെ സമരമാര്‍ഗ്ഗം ആക്കിയവള്‍. സ്ത്രീയെ അബലയായി കാണുന്ന സമൂഹത്തിനുമുന്നില്‍ ആശ്ചര്യചിഹ്നമായി നിന്നവള്‍. ഭരണക്കൂടത്തിനെതിരെ ഇത്രയും നിശ്ചയദാര്‍ഢ്യത്തോടെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ചാനുവിനെക്കുറിച്ച് വായിക്കുംതോറും കൗതുകം കൂടിക്കൂടി വന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മണിപ്പൂരിലെ ഉരുക്ക് വനിത നിരാഹാരസമരം അവസാനിപ്പിക്കാന്‍ പോവുന്ന വാര്‍ത്ത കേട്ടത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുതുള്ളി തേന്‍ നാവില്‍ തൊട്ട് വിതുമ്പുന്ന ശര്‍മിളയുടെ ചിത്രം നമ്മളെയെല്ലാം നൊമ്പരപെടുത്തി. അവര്‍ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ പോവുന്നു എന്ന വാര്‍ത്ത വളരെയധികം സന്തോഷം നല്‍കുന്നതായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഞാന്‍ ഉറ്റുനോക്കിയത് മണിപ്പൂരിനെയായിരുന്നു. എങ്ങനെയായിരിക്കും തെരെഞ്ഞെടുപ്പില്‍ മണിപ്പൂരി ജനത പ്രതികരിക്കുക ! പക്ഷെ തെരെഞ്ഞെടുപ്പ് ഫലം വല്ലാതെ ഞെട്ടിക്കുന്നതായിരുന്നു. ഇറോം ശര്‍മിളയ്ക്ക് നേടാനായത് 90 വോട്ടുകള്‍ മാത്രം. നോട്ടയ്ക്ക് അതില്‍ കൂടുതല്‍ വോട്ടുണ്ടായിരുന്നു.

പതിനാറു വര്‍ഷക്കാലം സ്വന്തം ജനതയ്ക്ക് വേണ്ടി സമാനതകളില്ലാത്ത സമരമുറ സ്വീകരിച്ചിട്ടും എന്തുകൊണ്ട് ആ ജനത അവരെ നിഷ്‌കരുണം തള്ളിക്കളഞ്ഞുവെന്നത് ഏവരെയും അത്ഭുതപെടുത്തിയ ചോദ്യമായിരുന്നു. എങ്കിലും അവരൊരിക്കലും സ്വന്തം ജനതയെ തള്ളിപറഞ്ഞ് കണ്ടില്ല. “അതാണ് തെരെഞ്ഞെടുപ്പ് രാഷ്ട്രീയം. അവര്‍ക്കൊരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. സമതലത്തിലെയും താഴ്‌വരയിലെയും ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. നാഗാലാന്‍ഡുമായി തര്‍ക്കമുണ്ട്. ഇതിനൊക്കെ പരിഹാരം കാണാന്‍ എന്റെ വിജയം സഹായിക്കില്ലെന്ന് അവര്‍ കരുതികാണും” എന്നായിരുന്നു ഫലപ്രഖ്യാപനത്തിന് ശേഷം അവര്‍ പ്രതികരിച്ചത്.

ഇറോം ശര്‍മിളയുടെ ഞെട്ടിപ്പിക്കുന്ന തോല്‍വിയില്‍ ഏറ്റവും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായ സംസ്ഥാനം കേരളമായിരുന്നു. അതുകൊണ്ടായിരിക്കാം രാഷ്ട്രീയത്തോട് താത്ക്കാലികമായെങ്കിലും വിടപറഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ അവര്‍ കേരളം തെരെഞ്ഞെടുത്തത്.

ഇത്രയും ആവേശം കൊള്ളിച്ച ആ വനിതയെകാണാനുള്ള ആഗ്രഹം എന്നെ അട്ടപാടിയില്‍ കൊണ്ടെത്തിച്ചു. കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ ഇറോം ശര്‍മിളയെ കാണാന്‍ പോവുന്നു എന്നറിഞ്ഞപ്പോള്‍ അവരുടെ കൂടെക്കൂടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.

അട്ടപാടിയ്ക്കടുത്തുള്ള ശാന്തി ആശ്രമമാണ് അവര്‍ രണ്ടുമാസത്തെ വിശ്രമ ജീവിതത്തിന് തെരെഞ്ഞെടുത്തത്. ആദ്യ കാഴ്ചയില്‍ തന്നെ ആ മുഖം ആഴത്തില്‍ മനസില്‍ പതിച്ചു. പതിനാറു വര്‍ഷക്കാലം നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആ കണ്ണുകളില്‍ നിഴലിക്കുന്നത് പോലെ തോന്നി. വളരെ ദൂരെനിന്ന് വരുന്നതാണെന്നറിഞ്ഞപ്പോള്‍ സ്‌നേഹപൂര്‍വ്വം പിടിച്ച് അടുത്തിരുത്തി. ഞങ്ങളവരോട് ഔപചാരിതകളൊന്നും ഇല്ലാതെ സംസാരിച്ച് തുടങ്ങി.

മണിപ്പൂരി ജനതയെയുംക്കുറിച്ച് പറയുമ്പോള്‍ ആ ജനതയോടുള്ള ആഴത്തിലുള്ള സ്‌നേഹം പ്രകടമായിരുന്നു. തന്റെ ഒറ്റയാള്‍ പോരാട്ടംകൊണ്ട് തീര്‍ക്കാന്‍ കഴിയുന്നതിലപ്പുറമാണ് മണിപ്പൂരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. താന്‍ ഏറ്റെടുത്ത അഫ്‌സ്പ (ARMED Forces Special Powers Act) ക്കെതിരെയുള്ള സമരം അവരുടെ പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണ്. വിഘടനവാദവും നാഗാലാന്റുമായുള്ള അതിര്‍ത്തിപ്രശ്‌നങ്ങളും മണിപൂരി ജനതയുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതിനെക്കുറിച്ചും പറഞ്ഞു.

ഇത്രയധികം സമരരീതികളുണ്ടായിട്ടും എന്തുകൊണ്ട് നിങ്ങള്‍ നിരാഹാരസമരം തെരെഞ്ഞെടുത്തു എന്ന് ഞങ്ങള്‍ ചോദിച്ചു. കുടുംബാന്തരീക്ഷമാണ് അതിന് കാരണമായി പറഞ്ഞത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവരെ സംബന്ധിച്ച് സാധ്യമായത് ഇത്തരത്തില്‍ ഒരു ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു. ആളുകളെ സംഘടിപ്പിക്കാന്‍ കഴിവോ പണമോ ഇല്ലാത്ത അവസ്ഥയില്‍ സ്വന്തം ശരീരം തന്നെ സമരമാര്‍ഗ്ഗം ആക്കുകയായിരുന്നു അവര്‍.

ഇടയ്‌ക്കെവിടെയോ ഞങ്ങളുടെ ചോദ്യം അവരുടെ കുടുംബത്തിലേക്ക് നീങ്ങിയപ്പോള്‍ കുറച്ച് നേരം മൗനമായിരുന്നു മറുപടി. പിന്നെ പതിയെ കുടുംബത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങി. അമ്മയ്ക്ക് തന്റെ സമരത്തിലുള്ള എതിര്‍പ്പിനെക്കുറിച്ചും സമരം അവസാനിപ്പിച്ചപ്പോഴുള്ള സന്തോഷത്തെയും കുറിച്ചും പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്. നല്ല രീതിയിലുള്ള പിന്തുണ സമരം ആരംഭിച്ചനാള്‍ മുതല്‍ ഇന്ന് വരെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തെ ഒരുപാട് ഇഷ്ടമാണെന്നും വിശ്രമ ജീവിതത്തിന് കേരളം തെരെഞ്ഞെടുക്കാനുള്ള കാരണം അതാണെന്നും ഇറോം പറഞ്ഞു.

പുതിയതലമുറയ്ക്ക് പ്രത്യേകിച്ച് പെണ്‍ക്കുട്ടികള്‍ക്ക് നല്‍കാനുള്ള സന്ദേശം എന്തെന്നായിരുന്നു ഞങ്ങളുടെ അവസാന ചോദ്യം. വളരെ ആവേശത്തോടെയായിരുന്നു അതിനുള്ള മറുപടി. എല്ലാവരും മനുഷ്യരാണ്. ഈ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ നമ്മടെയെല്ലാവരുടെയും പ്രശ്‌നങ്ങളാണ്. ഇവിടെ പുരുഷന്മാര്‍ സുപീരിയര്‍ സ്ത്രീകള്‍ ഇന്‍ഫീരിയര്‍ എന്നൊന്നുമില്ല. ഇവിടുത്തെ ജനതയുടെ പ്രശ്‌നങ്ങളില്‍ നമ്മള്‍ ഇന്‍ഫീരിയര്‍ ആണെന്ന് കരുതി പ്രതികരിക്കാതിരിക്കുകയോ മാറിനില്‍ക്കുകയോ ചെയ്യരുത്. നമ്മള്‍ സ്ത്രീകള്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്, പോരാടാനുണ്ട്.

ചിലസമയത്ത് അവരുടെ സംഭാഷണങ്ങള്‍ പോലും കവിത പോലെ തോന്നി. ഇനി അവര്‍ കവിത എഴുത്ത് പുനരാരംഭിക്കുമായിരിക്കും. വീണ്ടും കാണാം എന്നു പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നുമിറങ്ങി.