സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്റ് ജില്ലിലെ മഞ്ജു വാര്യര്‍ പാടിയ കിം കിം കിം അടുത്ത കാലത്ത് മലയാളികള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായ പാട്ടുകളിലൊന്നാണ്. പാട്ടായും ഡാന്‍സ് ചാലഞ്ചായുമെല്ലാം മലയാളികള്‍ ഏറ്റെടുത്ത കിം കിം കിമ്മിന്റെ പുതിയ പരീക്ഷണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഇമ്പമുള്ള ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് കവര്‍ മാഷ്അപ്പുകളിലൂടെ ശ്രദ്ധേയായ ആര്യ ദയാല്‍.
കിം കിം കിമ്മിന്റെ ഒറിജിനല്‍ വേര്‍ഷനാണ് ആര്യ ദയാല്‍ പാടിയിരിക്കുന്നത്. പാരിജാത പുഷ്പാഹരണം എന്ന പഴയകാല നൃത്തസംഗീത നാടകത്തില്‍ വൈക്കം മണി പാടി അഭിനയിച്ച പാട്ടിനെ അടിസ്ഥാനമാക്കിയാണ് ജാക്ക് ആന്റ് ജില്ലിലെ കിം കിം കിം ഒരുക്കിയിരിക്കുന്നത്. ഈ പാട്ടിന്റെ കവര്‍ വേര്‍ഷനാണ് ആര്യ ദയാല്‍ പാടിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം ലക്ഷങ്ങളാണ് വീഡിയോ കണ്ടത്.
നവംബറില്‍ കിം കിം കിം പുറത്തിറങ്ങിയ സമയത്ത് തന്നെ പഴയ പാട്ട് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ആര്യ ദയാലിന്റെ കവര്‍ കൂടി വന്നതോടെ പഴയ കിം കിം കിമ്മിന് ആരാധകരേറുകയാണ്.
കുറെ ദിവസമായി പാടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ കൂടെ മാഷ്അപ്പ് ചെയ്യാന്‍ പറ്റിയ പാട്ടുകളൊന്നും കിട്ടാതിരുന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നെന്നും ആര്യ ദയാല്‍ പറഞ്ഞു. ഇന്ന് പ്രാക്ടീസ് ചെയ്തപ്പോള്‍ നല്ലൊരു വൈബ് കിട്ടിയപ്പോള്‍ പാടുകയാണെന്നും ആര്യ വീഡിയോയില്‍ പറയുന്നു. യുക്കലേലയില്‍ ഈണമിട്ട് ആര്യ പാടുന്ന മാഷ്അപ്പ് പാട്ടുകള്‍ മുന്‍പും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കര്‍ണാടിക് സംഗീതവും വേസ്റ്റേണ്‍ മ്യൂസികും ചേര്‍ത്ത് ആര്യ പാടിയ ബിലീവര്‍-കര്‍ണാടിക് മ്യൂസിക് കവറിന് അമിതാഭ് ബച്ചനടക്കമുള്ളവര്‍ അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
View this post on Instagram
ഇറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ മില്യണ്‍ വ്യൂ നേടിയിരുന്നു കിം കിം കിം. ബി. കെ ഹരിനാരായണനാണ് വരികള്‍ എഴുതിയത്. സംസ്‌കൃതവും മലയാളവും ചേര്‍ത്ത രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റാം സുന്ദേറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
പാട്ടിന് പിന്നാലെ മഞ്ജു ആരംഭിച്ച കിം കിം കിം ഡാന്‍സ് ചാലഞ്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാരംഗത്തുള്ളവരടക്കം നിരവധി പേരാണ് ചാലഞ്ച് ഏറ്റെടുത്ത് കിം കിം കിം പാട്ടിന് ചുവടുവെക്കുന്ന വീഡിയോകളുമായി രംഗത്തുവന്നത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലണ്ടന്‍, കേരളത്തിലെ ഹരിപ്പാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Arya Dhayal singing old Kim Kim Kim song, goes viral