| Friday, 26th May 2023, 4:32 pm

സ്‌ക്രീനില്‍ കാണുന്ന ആളല്ല പിഷാരടി, ഭയങ്കര സീരിയസാണ്; അദ്ദേഹത്തിന്റെ വീഡിയോസ് നോക്കിയാല്‍ അറിയാം: ആര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബഡായി ബംഗ്ലാവ് എന്ന കോമഡി ഷോയിലൂടെ മലയാളികള്‍ക്ക് പരിചിതയായി മാറിയ താരമാണ് ആര്യ. രമേഷ് പിഷാരടിക്കൊപ്പം ചെയ്ത കോമഡി ഷോ വലിയ ഹിറ്റായിരുന്നു.

ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ലൈലാ ഓ ലൈലാ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തിയത്. രമേഷ് പിഷാരടിക്കൊപ്പം ചെയ്ത ഷോയെ കുറിച്ചും പിഷാരടിയുമായുള്ള വ്യക്തിബന്ധത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ.

രമേഷ് പിഷാരടി സ്‌ക്രീനില്‍ കാണുന്ന പോലുള്ള ആളല്ലെന്നാണ് ആര്യ പറയുന്നത്. വ്യക്തി ജീവിതത്തില്‍ സ്‌ക്രീനില്‍ കാണുന്നതിന്റെ നേരെ തിരിച്ചാണെന്നും ഭയങ്കര സീരിയസും റിസര്‍വ്ഡും ആയിട്ടുള്ള ആണെന്നും ആര്യ പറഞ്ഞു.

‘രമേഷേട്ടന്‍ എന്റെ അടുത്ത സുഹൃത്താണ്. നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന ആളെ അല്ല പുള്ളി. വ്യക്തി ജീവിതത്തില്‍ സ്‌ക്രീനില്‍ കാണുന്നതിന്റെ നേരെ തിരിച്ചാണ്. ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണ്, റിസര്‍വ്ഡ് ആണ്.

അദ്ദേഹത്തിന്റെ വീഡിയോസ് ഒക്കെ എടുത്ത് നോക്കിയാല്‍ അറിയാം, ഭയങ്കര മസിലുപിടുത്തം ഒക്കെ ഉള്ള മനുഷ്യന്‍ ആണ്. ആത്രയും ക്ലോസ് ആയിട്ടുള്ള സര്‍ക്കിള്‍ ആണെങ്കില്‍ മാത്രമെ ആള് കുറച്ചൊന്ന് ഫ്രീയായി ഇടപെടുകയുള്ളൂ.

റിയല്‍ ലൈഫില്‍ പിഷു കൗണ്ടര്‍ ഒക്കെ അടിക്കും, പക്ഷെ കൗണ്ടര്‍ അടിക്കുന്നത് വരെ ഭയങ്കര സീരിയസ് ആയിട്ട് ചെയ്യുന്ന ഒരാളാണ്. എന്റെ അടുത്ത് ഭയങ്കര കാര്യമാണ്. അതിനേക്കാള്‍ ഉപരി അദ്ദേഹം എനിക്ക് ഒരു മെന്റര്‍ ആണ്. എനിക്കോ എന്റെ കുടുംബത്തിനോ എന്ത് ആവശ്യം ഉണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാകും. ഭയങ്കര സപ്പോര്‍ട്ടീവ് ആയിട്ടുള്ള വ്യക്തിയാണ്,’ ആര്യ പറഞ്ഞു.

ബഡായി ബംഗ്ലാവിന്റെ ഓഫര്‍ വന്നപ്പോള്‍ ആദ്യം താന്‍ റിജക്റ്റ് ചെയ്തെന്നും കോമഡി ആയിട്ട് യാതൊരുവിധ ബന്ധവുമില്ലാത്തതുകൊണ്ടായിരുന്നു അതെന്നും താരം പറഞ്ഞു.

‘ബഡായി ബംഗ്ലാവ് തീര്‍ച്ചയായും എനിക്ക് ഒരു അനുഗ്രഹമായിരുന്നു. എനിക്ക് തോന്നുന്നത് എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് ബഡായി ബംഗ്ലാവ്. അതും കോമഡി ആയിട്ട് യാതൊരുവിധ ബന്ധവുമില്ലാതെ ഇരിക്കുന്ന എന്നെ തേടി വന്നതാണ്. അത് എനിക്ക് തോന്നുന്നത് കഴിഞ്ഞ ജന്മത്തില്‍ എന്റെ അച്ഛനും അമ്മയും ചെയ്ത എന്തോ പുണ്യമാണ് എന്നാണ്.

ശരിക്കും ബഡായി ബംഗ്ലാവിന്റെ ഓഫര്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം റിജക്റ്റ് ചെയ്തതാണ്. കാരണം എനിക്ക് കോമഡി ചെയ്യാന്‍ അറിയില്ല. അപ്പോള്‍ എന്നെ ഇങ്ങനെ വിളിച്ചിട്ട് ഒരു ഷോ നമ്മള്‍ ലോഞ്ച് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. ഇതു പോലത്തെ ഒരു ഷോ ഹിന്ദിയില്‍ ഉണ്ട് കപില്‍ ശര്‍മയുടെ. അതില്‍ നിന്ന് അഡാപ്പ്റ്റ് ചെയ്തതാണ്. ഞാന്‍ കപില്‍ ശര്‍മയുടെ ഷോ സ്ഥിരമായി കാണുന്ന ഒരാളാണ്. അന്ന് കപില്‍ ശര്‍മ ഹിറ്റായി നില്‍ക്കുന്ന ഒരു സമയമായിരുന്നു. അതുകൊണ്ട് തന്നെ ഒരു എപ്പിസോട് പോലും മുടങ്ങാതെ കാണാറുണ്ട്.

ആ എന്നെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞേപ്പോള്‍ ഇല്ല, എന്നെ കൊണ്ട് പറ്റില്ല എന്നാണ് പറഞ്ഞത്. ഹിന്ദിയില്‍ കപിലിന്റെ ഭാര്യ എന്ന് പറയുന്നത് പോലെ ഇവിടെ രമേഷ് പിഷാരടിയുടെ ഭാര്യയായിട്ടാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു. കോമഡി ആയിട്ട് എനിക്ക് ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഞാന്‍ വിട്ടു.

അപ്പോള്‍ അവരാണ് പറഞ്ഞത് ആര്യ ഒരു വട്ടം വന്ന് ഷൂട്ട് ചെയ്ത് നോക്കൂ എന്ന്. പറ്റില്ലെങ്കില്‍ വിട്ടേക്കാനും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ബഡായി ബംഗ്ലാവിന്റെ ആദ്യത്തെ എപ്പിസോഡ് ചെയ്യുന്നത്. ചെയ്ത് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഓക്കെ ആയി. അവര്‍ ഹാപ്പി ഞാനും ഹാപ്പി, ആര്യ പറഞ്ഞു.

Content Highlight: Arya About Ramesh pisharody

Latest Stories

We use cookies to give you the best possible experience. Learn more