വര്‍ഷം 1992, സൗത്ത് ഇന്ത്യയിലെ രണ്ട് സൂപ്പര്‍താരങ്ങളെ വെച്ച് മണിരത്‌നം ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. മഹാഭാരതത്തിലെ കര്‍ണന്‍- ദുര്യോധനന്‍ എന്നിവരുടെ സൗഹൃദത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ രജിനികാന്തും മമ്മൂട്ടിയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ അര്‍ജുനനെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മണിരത്‌നം ആദ്യം മനസില്‍ കണ്ടത് ജയറാമിനെയായിരുന്നു. എന്നാല്‍ ജയറാമിന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. പകരം ഒരു പുതുമുഖനടനെ മണിരത്‌നം കണ്ടെത്തി.
ആദ്യ ചിത്രത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ സാക്ഷാല്‍ മമ്മൂട്ടിയോടും രജിനിയോടും കൂടെ കട്ടക്ക് പിടിച്ചുനിന്ന ആ നടനെ സിനിമാലോകം അന്നേ ശ്രദ്ധിച്ചു. 1993ല്‍ മണിരത്‌നം റോജ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ എ.ആര്‍ റഹ്‌മാന്‍ എന്ന സംഗീതമാന്ത്രികന്റെ വരവ് ആ സിനിമയിലൂടെയായിരുന്നു.
റോജയിലൂടെ ഇന്ത്യന്‍ സിനിമക്ക് പുതിയൊരു പ്രണയനായകനെയും കിട്ടി. അന്നത്തെ കാലത്തെ പലരുടെയും ക്രഷായി അരവിന്ദ് സ്വാമി മാറി. റോജക്ക് പിന്നാലെ ബോംബ, മിന്‍സാരക്കനവ്, ഇന്ദിര എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയുടെ പ്രണയനായകനായി അരവിന്ദ് സ്വാമി മാറി. തേന്മാവിന്‍ കൊമ്പത്തിന്റെ ഹിന്ദി റീമേക്കായ സാത് രംഗോം കേ സപ്‌നേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
എന്നാല്‍ അന്നത്തെ പല സംവിധായകരും അരവിന്ദ് സ്വമാനിയെ റൊമാന്റിക് സിനിമകളില്‍ മാത്രം തളച്ചിടുകയായിരുന്നു. 2000ത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അരവിന്ദ് പിന്നീട് 2013ലാണ് അടുത്ത സിനിമ ചെയ്യുന്നത്. 2015ല്‍ തമിഴിലെ മികച്ച സംവിധായകരിലൊരാളായ മോഹന്‍രാജ തനി ഒരുവന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു.
വില്ലനായി ആദ്യം അദ്ദേഹം മനസില്‍ കണ്ടത് മലയാള താരം ഫഹദ് ഫാസിലിനെയായിരുന്നു. എന്നാല്‍ ഫഹദിന്റെ തിരക്ക് കാരണം മറ്റൊരു നടനിലേക്കെത്താന്‍ മോഹന്‍രാജ നിര്‍ബന്ധിതനായി. ആ വേഷം ഒടുവില്‍ അരവിന്ദ് സ്വാമിയിലേക്കെത്തി. അതുവരെ ചോക്ലേറ്റ് ബോയ് എന്ന ഇമേജില്‍ മാത്രം തളച്ചിടപ്പെട്ട അരവിന്ദ് സ്വാമിയെ വില്ലന്‍ വേഷത്തില്‍ കണ്ട പലരും ഞെട്ടി.
ഇന്ത്യന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളടെ ബെഞ്ച്മാര്‍ക്കായി തനി ഒരുവനിലെ സിദ്ധാര്‍ത്ഥ് അഭിമന്യു മാറി. നായകന് ഒരു സീനില്‍ പോലും സ്‌കോര്‍ ചെയ്യാനനുവദിക്കാത്ത വില്ലനെ പ്രേക്ഷകര്‍ ആഘോഷിച്ചു. കരിയറിന്റെ പുതിയ ഫെയ്‌സിന് അവിടം മുതല്‍ അരവിന്ദ് സ്വാമി തുടക്കം കുറിച്ചു. ജയം രവിയോടൊപ്പം 2017ല്‍ പുറത്തിറങ്ങിയ ബോഗനിലും വില്ലനായി അരവിന്ദ് സ്വാമി ഞെട്ടിച്ചു.
അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും മണിരത്‌നത്തോടൊപ്പം ഒന്നിച്ച ചെക്ക ചിവന്ത വാനത്തിലും അരവിന്ദ് സ്വാമിയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. വരദരാജന്‍ എന്ന കഥാപാത്രം ആദ്യം മുതല്‍ അവസാനം വരെ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് അരവിന്ദ് സ്വാമി ഗംഭീരമാക്കി. ഇപ്പോഴിതാ പ്രേം കുമാര്‍ സംവിധാനം ചെയ്ത മെയ്യഴകനിലും കിരയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ് അരവിന്ദ് സ്വാമി.
ഒരുപാട് വര്‍ഷത്തിന് ശേഷം താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്ന അരുള്‍മൊഴി എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി മെയ്യഴകനില്‍ അവതരിപ്പിച്ചത്. തന്നിലെ നടനെ മാക്‌സിമം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് അരുള്‍മൊഴി. പല സീനിലും താരത്തിന്റെ പ്രകടനം ഉള്ളുലക്കുന്നതായിരുന്നു. കല്യാണമണ്ഡപത്തില്‍ സഹോദരിക്ക് ഗിഫ്റ്റ് കൊടുക്കുന്ന സീനും പഴയ സൈക്കിള്‍ കാണുന്ന സീനുമെല്ലാം അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു.
ഒരുകാലത്ത് വെറും റൊമാന്റിക് റോളുകളില്‍ മാത്രം തളച്ചിടപ്പെട്ട അരവിന്ദ് സ്വാമി കഴിഞ്ഞ കുറച്ചുകാലങ്ങളായി തന്റെ റേഞ്ച് എന്തെന്ന് കാണിക്കുകയാണ്. മണിരത്‌നം നിര്‍മിച്ച നവരസ എന്ന വെബ് സീരീസിലെ രൗദ്രം എന്ന സെഗ്മെന്റ് സംവിധാനം ചെയ്ത് തനിക്ക് സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ചു. ഇരുവര്‍ എന്ന ചിത്രത്തിലെ ‘ഉന്നോട് നാന്‍ ഇരുന്ത’ എന്ന് തുടങ്ങുന്ന ഗാനം പാടിയതും അരവിന്ദ് സ്വാമിയായിരുന്നു.
കാലം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് അരവിന്ദ് സ്വാമി എന്ന പെര്‍ഫോമര്‍. അയാളിലെ നടനെ ഉപയോഗിക്കാന്‍ ഇനിയും കഴിവുള്ള പല സംവിധായകരും വരും. പ്രേക്ഷകരെ അയാള്‍ ഞെട്ടിച്ചുകൊണ്ടേയിരിക്കും. തനി ഒരുവന്‍ എന്ന സിനിമയിലെ ഡയലോഗ് കടമെടുത്തുകൊണ്ട് പറഞ്ഞാല്‍ ‘ദി നെയിം ഈസ് അരവിന്ദ് സ്വാമി’….
Content Highlight: Arvind Swamy’s performance in Meiyazhagan movie