ഇന്ത്യന്‍ സിനിമക്ക് മണിരത്‌നം പരിചയപ്പെടുത്തിയ മികച്ച നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 1992ല്‍ റിലീസായ ദളപതിയിലൂടെയാണ് അരവിന്ദ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ രജിനികാന്തിനും മമ്മൂട്ടിക്കുമൊപ്പം കട്ടക്ക് പിടിച്ചുനിന്ന നടനെ ഇന്ത്യന്‍ സിനിമാലോകം അന്നേ ശ്രദ്ധിച്ചിരുന്നു. പിന്നീട് റോജ, ബോംബൈ, ഇന്ദിര, മിന്‍സാരക്കനവ് എന്നീ ചിത്രങ്ങളിലൂടെ പലരുടെയും ഇഷ്ടനടനായി അരവിന്ദ് സ്വാമി മാറി. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ ശ്രദ്ധാപൂര്‍വമാണ് ഓരോ കഥയും അദ്ദേഹം തെരഞ്ഞെടുക്കുന്നത്.
2015ല്‍ റിലീസായ തനി ഒരുവനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് അരവിന്ദ് സ്വാമി തെളിയിച്ചു. ചെക്ക ചെവന്ത വാനം, ബോഗന്‍ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മെയ്യഴകനിലും അരവിന്ദ് സ്വാമിയുടെ പ്രകടനത്തെ പലരും അഭിനന്ദിക്കുന്നുണ്ട്.
30 വര്‍ഷത്തെ കരിയറില്‍ കമല്‍ ഹാസനോടൊപ്പം സിനിമ ചെയ്യാനാകാത്തത് വലിയ നഷ്ടമാണെന്ന് പറയുകയാണ് അരവിന്ദ് സ്വാമി. അദ്ദേഹത്തിന്റെ രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും അതിന് സാധിച്ചില്ലെന്നും ഇന്നും അതില്‍ വിഷമമുണ്ടെന്നും അരവിന്ദ് സ്വാമി പറഞ്ഞു.
തെനാലി എന്ന ചിത്രത്തില്‍ ജയറാം ചെയ്ത റോളിലേക്ക് ആദ്യം തന്നെയാണ് വിളിച്ചതെന്നും വേറൊരു സിനിമയുടെ തിരക്കിലായതിനാല്‍ അതിന് സാധിച്ചില്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞു. എന്നാല്‍ തന്നെക്കാള്‍ നന്നായി ജയറാം ആ വേഷം ചെയ്‌തെന്നും ഒരുപാട് അംഗീകാരം ആ സിനിമയിലൂടെ ജയറാമിന് ലഭിച്ചെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു.
അന്‍പേ ശിവത്തില്‍ മാധവന്‍ ചെയ്ത വേഷത്തിലേക്കും തന്നെ വിളിച്ചെന്നും എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന സമയമായതിനാല്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ കരിയറില്‍ കമല്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റാത്തത് വലിയൊരു വിഷമമായി കാണുന്നുണ്ട്. അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും നടക്കാതെ പോയി. അതില്‍ ആദ്യത്തെ സിനിമയാണ് തെനാലി. ആ സിനിമയില്‍ ജയറാം ചെയ്ത വേഷത്തിലേക്ക് എന്നെയായിരുന്നു ആദ്യം വിളിച്ചത്.
എന്നാല്‍ തിരക്കുകള്‍ കാരണം ആ സിനിമ ചെയ്യാന്‍ പറ്റിയില്ല. അതെന്തായാലും നന്നായെന്ന് ആ സിനിമ കണ്ടപ്പോള്‍ തോന്നി. എന്ത് രസമായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്. തമിഴ്‌നാട് സ്‌റ്റേറ്റ് അവാര്‍ഡ് ആ സിനിമയിലൂടെ അദ്ദേഹത്തിന് കിട്ടി.
അതുപോലെ ഞാന്‍ മിസ്സ് ചെയ്ത മറ്റൊരു സിനിമയാണ് അന്‍പേ ശിവം. മാധവന്‍ ചെയ്ത വേഷത്തിലേക്ക് ആദ്യം എന്നെയായിരുന്നു വിളിച്ചത്. എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയമായിതനാലും ബിസിനസിന്റെ തിരക്കുകള്‍ ഉള്ളതിനാലും എനിക്ക് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. കരിയറിലെ വലിയ നഷ്ടങ്ങളായാണ് ഞാന്‍ അതിനെ കാണുന്നത്,’ അരവിന്ദ് സ്വാമി പറഞ്ഞു.
Content Highlight: Arvind Swamy about Jayaram and Kamal Hassan