| Monday, 11th November 2019, 2:15 pm

'കശ്മീരിലും ബീഹാറിലും സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ എവിടെയായിരുന്നു ഇവരുടെ പ്രത്യയശാസ്ത്രം'; രാജിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് സാവന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് അരവിന്ദ് സാവന്ത്.

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് പോയെന്നും അതുകൊണ്ട് ഇനിയും കേന്ദ്രത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നും സാവന്ത് പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ സാഹചര്യത്തിന് പിന്നാലെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

ശിവസേന എന്‍.ഡി.എയുമായുള്ള സഖ്യം പൂര്‍ണമായും ഉപേക്ഷിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എന്റെ രാജിയുടെ അര്‍ത്ഥം നിങ്ങള്‍ക്ക് ഇപ്പോഴും മനസിലായില്ലേ’ എന്നായിരുന്നു സാവന്തിന്റെ മറുപടി.

ശിവസേന സഖ്യ ധര്‍മ്മത്തെ ഒറ്റിക്കൊടുക്കുന്നുവെന്നാണല്ലോ ബി.ജെ.പി പറയുന്നത് എന്ന ചോദ്യത്തിന് ജമ്മു കശ്മീരിലും ബീഹാറിലും സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, ഈ പറയുന്ന പ്രത്യയശാസ്ത്രം എവിടെയായിരുന്നു എന്നാണ് സാവന്ത് തിരിച്ചു ചോദിച്ചത്.

ബി.ജെ.പിയുമായി സഖ്യം ഒരു തരത്തിലും പറ്റില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നും ശിവസേനയ്ക്ക് നല്‍കിയ വാക്ക് പാലിക്കാതെ പാര്‍ട്ടി വഞ്ചിക്കുകയായിരുന്നെന്നും സാവന്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേന-എന്‍.സി.പി സഖ്യത്തെ പരിഹസിച്ച് നേരത്തെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് പി.ഡി.പിയുമായി സഖ്യമാവാമെങ്കില്‍ ശിവസേനയ്ക്ക് എന്‍.സി.പിയായും കോണ്‍ഗ്രസുമായും സഖ്യമാവാമെന്നായിരുന്നു ഇതിന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് നല്‍കിയ മറുപടി.

‘ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് 72 മണിക്കൂര്‍ ലഭിച്ചിരുന്നു. ഞങ്ങള്‍ക്ക് 24 മണികൂറാണ് തന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തണമെങ്കില്‍ എന്‍.സി.പിയോയും കോണ്‍ഗ്രസിനോടുമുള്ള ഭിന്നതകള്‍ മൂടിവെച്ചേ പറ്റൂ. ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി ബി.ജ.പി ക്ക് കൈകോര്‍ക്കാമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ ഞങ്ങള്‍ക്ക് എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കിക്കൂടാ.’, എന്നായിരുന്നു സഞ്ജയ് റാവത്ത് ചോദിച്ചത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന എന്‍.സി.പിയുടെ ഉപാധികള്‍ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്. ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്നു സാവന്ത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഖനവ്യവസായ വകുപ്പിന്റേതടക്കമുള്ള ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. താന്‍ മന്ത്രിസ്ഥാനം രാജിവെച്ചതായി സാവന്ത് അറിയിക്കുകയായിരുന്നു. മുംബൈ സൗത്തില്‍ നിന്നുള്ള എം.പിയാണ്.

എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചയില്ലെന്ന് ഇന്നലെ എന്‍.സി.പി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിസ്ഥാനവും രാജിവെയ്ക്കണമെന്ന് ഉപാധികളില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more