| Monday, 5th January 2015, 6:03 pm

അരവിന്ദ് പനാഗരിയ നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ആസൂത്രണ കമ്മീഷനു പകരം രൂപീകരിച്ച പുതിയ സംവിധാനമായ നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായി അരവിന്ദ് പനാഗരിയയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍. കൂടാതെ അഞ്ച് സ്ഥിരാംഗങ്ങളും 4 കേന്ദ്ര മന്ത്രിമാരുമാണ് കമ്മീഷനില്‍ ഉണ്ടാവുക. ജനുവരി ഒന്നിനാണ് നീതി ആയോഗ് എന്ന പുതിയ കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്.

ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക വിദഗ്ദനാണ് 62 കാരനായ അരവിന്ദ് പനാഗരിയ. സാമ്പത്തിക ശാസ്ത്രത്തിലെ അധ്യാപകനായ ഇദ്ദേഹം കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും, സെന്റര്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ എക്കോണമിക്‌സിലെ കോര്‍ഡിനേറ്ററും പ്രൊഫസറും ആയിരുന്നു. കൂടാതെ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിലെ ചീഫ് എക്കോണമിസ്റ്റായും പനാഗരിയ സേവനമനുഷ്ടിച്ചിട്ടുണ്ട്.

പുതുക്കി പണിത കമ്മീഷന്‍ പ്രധാനമായും നാല് വിഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുക. ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍, പണം നേരിട്ട് നല്‍കുന്ന ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വിഭാഗം, ആധാര്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പദ്ധതിയുടെ നടപ്പിന്റെ മേല്‍നോട്ടം വഹിക്കാനായി  പ്രോഗ്രാം ഇവാല്വേഷന്‍ വിഭാഗം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളാണ് കമ്മീഷനിലുണ്ടാകുക. സെക്രട്ടറി തലത്തിലുള്ള മേധാവിമാര്‍ ഓരോ വിഭാഗത്തിനുമുണ്ടാവും.

We use cookies to give you the best possible experience. Learn more