| Tuesday, 21st March 2023, 12:28 pm

ദല്‍ഹിയിലെ ജനങ്ങളോട് നിങ്ങള്‍ക്ക് എന്തിനാണ് ഇത്ര വിദ്വേഷം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 75 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ദല്‍ഹിയിലെ ബജറ്റ് തടയുന്നതെന്നും പ്രധാനമന്ത്രിക്ക് ദല്‍ഹിയിലെ ജനങ്ങളോട് ഇത്ര ദേഷ്യമുണ്ടോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 21നായിരുന്നു ബജറ്റ് അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇത് മാറ്റി വെക്കുകയായിരുന്നു.

‘രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ്. പ്രധാനമന്ത്രിക്ക് ദല്‍ഹിയിലെ ജനങ്ങളോട് എന്താണിത്ര വിദ്വേഷം? ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കൂപ്പുകൈയ്യോടെ ജനങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്,’ കെജ്‌രിവാള്‍ കത്തില്‍ പറഞ്ഞു.

ചരിത്രത്തിലാദ്യമായാണ് ഇത്തരം നടപടിയെന്ന് ദല്‍ഹി ധനകാര്യ മന്ത്രി കൈലാഷ് ഗലോട്ടും പ്രതികരിച്ചിരുന്നു.

മാര്‍ച്ച് 10ന് ബജറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനക്ക് അയച്ചിരുന്നു. എന്നാല്‍ ബജറ്റിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയുള്ള ഫയല്‍ മാര്‍ച്ച് 20നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയതെന്ന് ദല്‍ഹി ധനമന്ത്രി കൈലാഷ് ഗലോട്ട് ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച ആശങ്കകള്‍ അപ്രസക്തമാണെന്നും, സര്‍ക്കാരിന്റെ ബജറ്റവതരണം തടയാനുള്ള തന്ത്രം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചരിത്രത്തിലാദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദല്‍ഹി സര്‍ക്കാരിന്റെ ബജറ്റവതരണം തടഞ്ഞു. ബജറ്റിന്റെ പകര്‍പ്പ് മാര്‍ച്ച് 10ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണക്കായി അയച്ചിരുന്നു. എന്നാല്‍ ആശങ്കള്‍ അറിയിച്ചുള്ള മന്ത്രാലയത്തിന്റെ ഫയല്‍ മാര്‍ച്ച് 20ന് വൈകീട്ടാണ് ലഭിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ആശങ്കകള്‍ പരിഗണിച്ച് അതിനുള്ള മറുപടികള്‍ കൃത്യമായി ദല്‍ഹി ഗവര്‍ണര്‍ക്ക് രാത്രി ഒമ്പത് മണിയോടെ കൈമാറിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നയിച്ച ആശങ്കകള്‍ അപ്രസക്തവും അടിസ്ഥാനരഹിതവുമാണ്. ദല്‍ഹി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് അവതരണം തടസപ്പെടുത്താനുള്ള തന്ത്രം മാത്രമാണിത്. ഈ ദിവസം ജനാധിപത്യത്തിന്റെ കരിദിനമാണ്,’ കൈലാഷ് ഗലോട്ട് ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Arvind kejriwal writes letter to prime minister over ban of budget presentation at Delhi

We use cookies to give you the best possible experience. Learn more