ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി എ.എ.പി. വികാസ് പുരിയില്‍ നടന്ന പദയാത്രയ്ക്കിടെയാണ് അരവിന്ദ് കെജ്‌രിവാളിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് ആം.ആദ്മി പ്രവര്‍ത്തകര്‍ പറയുന്നത്.
വികാസ്പുരിയില്‍ പദയാത്ര നടത്തുന്നതിനിടെ ചില അക്രമികള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ബി.ജെ.പിയുടെ ഗുണ്ടകളെ ദല്‍ഹി പൊലീസ് തടഞ്ഞില്ലെന്നുമാണ് ആം ആദ്മി പറയുന്നത്.
കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ ബി.ജെ.പി നേരിടേണ്ടി വരുമെന്നും കെജ്‌രിവാളിന് ജനങ്ങള്‍ക്കിടയില്‍ പ്രാധാന്യം ലഭിക്കുന്നതില്‍ വിരോധമുണ്ടായതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ദല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വജ് ആരോപിച്ചു.
ഇ.ഡിയുടെയും സി.ബി.ഐയുടേയും പ്രവര്‍ത്തനങ്ങള്‍ വിഫലമായപ്പോള്‍ ബി.ജെ.പിക്കാര്‍ കെജ് രിവാളിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ബി.ജെ.പി നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും ഭരദ്വജ് എക്‌സില്‍ കുറിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന ഭയമാണ് ബി.ജെ.പിക്കെന്നും ആക്രമണത്തിലൂടെ ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരദ്വജിനെ കൂടാതെ മുഖ്യമന്ത്രി അതിഷി, മുന്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ദുര്‍ഗേഷ് പഥക്, എന്നിവരുള്‍പ്പെടെ നിരവധി ആം.ആദ്മി നേതാക്കള്‍ ആക്രമണത്തെ അപലപിച്ച് കൊണ്ട് രംഗത്തെത്തുകയും ബി.ജെ.പിക്കെതിരെ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു.
Content Highlight: Arvind Kejriwal was attacked by BJP workers, says AAP