ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യാഴാഴ്ച ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല. പകരം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം റോഡ്‌ഷോക്കായി മധ്യപ്രദേശിലേക്ക് പോകും. ഡല്‍ഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി കെജരിവാളിന് സമന്‍സ് അയച്ചത്.
‘സമന്‍സ് നിയമ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. കൂടാതെ തെരെഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ പ്രചരണത്തില്‍ നിന്ന് എന്നെ തടയാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണ് നോട്ടീസ്,’ എന്നും വ്യാഴാഴ്ച ഇ.ഡിക്കയച്ച കത്തില്‍ കെജരിവാള്‍ പറഞ്ഞു. സമന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നും ഇ.ഡിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
നവംബര്‍ രണ്ടിന് രാവിലെ 11ന് ഇ.ഡി ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ 30 നാണ് ഇ.ഡി കെജ്‌രിവാളിന് സമന്‍സ് അയച്ചത്.
ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി സിസോദിയയും എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങും അറസ്റ്റിലായ എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്.
ഇ.ഡി ഓഫീസില്‍ കെജ്‌രിവാള്‍ ഹാജരാകുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് ഒരുക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇ.ഡി ഓഫീസ്,രാജ്ഘട്ട്, എ.എ.പി ഓഫീസ് എന്നിവയ്ക്ക് ചുറ്റും സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
കേസില്‍ ആറ് മാസം മുമ്പ് സി.ബി.ഐ കെജരിവാളിനെ ചോദ്യം ചെയ്തിരുന്നു. 2024 ലോക് സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ നിര ഇന്ത്യാ സംഖ്യ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി ഗൂഢാലോചന നടത്തുന്നതായും ഇതിന്റെ ഭാഗമായി കെജരിവാളിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എ.എ.പി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇ.ഡിയുടെ അന്വേഷണത്തില്‍ ഹാജരാകാത്തതിനെ കുറിച്ചോ മധ്യപ്രദേശിലേക്ക് പോകുന്നതിനെ കുറിച്ചോ കെജ്‌രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
content highlight: Arvind Kejriwal to skip ED questioning, will attend MP roadshow instead