ന്യൂദല്‍ഹി: മുംബൈയില്‍ വെച്ച് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. മുംബൈയില്‍ പോകുമെന്നും തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും യോഗത്തിന് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് എന്നീ തിയ്യതികളിലാണ് മുംബൈയില്‍ ഇന്ത്യയുടെ യോഗം ചേരുന്നത്. വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുന്ന എന്‍.ഡി.എയെ നേരിടാനുള്ള മൂന്നാമത്തെ പ്രതിപക്ഷ യോഗമാണ് മുംബൈയില്‍ വെച്ച് നടക്കാന്‍ പോകുന്നത്.
ബെംഗളൂരുവില്‍ വെച്ച് നടന്ന യോഗത്തിലേത് പോലെ ഓഗസ്റ്റ് 31ന് നേതാക്കളുടെ അനൗദ്യോഗിക യോഗമായിരിക്കും ചേരുകയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യോഗത്തില്‍ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. മഹാ വികാസ് അഘാഠി സഖ്യത്തിലെ മൂന്ന് ഘടകകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും (യു.ബി.ടി) ശരദ് പവാറിന്റെ എന്‍.സി.പിയും സംയുക്തമായാണ് യോഗം സംഘടിപ്പിക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം പട്‌നയിലും രണ്ടാമത്തേത് കഴിഞ്ഞ മാസം ബെംഗളൂരുവിലുമായിരുന്നു നടന്നത്. ബെംഗളൂരു യോഗത്തിലാണ് ഇന്ത്യ എന്ന പേര് പ്രതിപക്ഷ സഖ്യത്തിനിടുന്നത്.
26 പാര്‍ട്ടികളാണ് പ്രതിപക്ഷ സഖ്യത്തിലുള്‍പ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ്, തൂണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജെ.ഡി.യു, ആര്‍.ജെ.ഡി, ജെ.എം.എം, എന്‍.സി.പി (ശരദ് പവാര്‍), ശിവസേന (യു.ബി.ടി), സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സി.പി.ഐ.എം, സി.പി.ഐ, ആര്‍.എല്‍.ഡി, എം.ഡി.എം.കെ, കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചി (കെ.എം.ഡി.കെ), (വിടുതലൈ ചിരുതൈഗല്‍ കച്ചി) വി.സി.കെ, ആര്‍.എസ്.പി, സി.പി.ഐ-എം.എല്‍ (ലിബറേഷന്‍), ഫോര്‍വേഡ് ബ്ലോക്ക്, ഐ.യു.എം.എല്‍, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി), അപ്നാദള്‍ (കാമറവാടി) ), മണിത്തനേയ മക്കള്‍ കച്ചി (എം.എം.കെ) എന്നിവയാണ് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍.
content highlights: Arvind Kejriwal to attend ‘India’ meeting to be held in Mumbai