ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കെജ്‌രിവാള്‍ ഇന്നലെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു. ഡെറാഡൂണില്‍ അദ്ദേഹം നവപരിവാരണ്‍ സഭയെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുവാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇതിന് മുന്‍പ് ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും അരവിന്ദ് കെജ്‌രിവാള്‍ റാലി നടത്തിയിരുന്നു.
അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 40,000ലേക്കും ആകെ ഒമിക്രോണ്‍ കേസുകള്‍ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 578 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ദല്‍ഹിയില്‍ കൊറോണ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ദല്‍ഹിയിലെ കൊറോണ ബാധിതരുടെ നിരക്ക് 6.76 ശതമാനമായി. നാലായിരത്തിലധികം പുതിയ കൊറോണ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച ദല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലര ശതമാനം കവിഞ്ഞിരുന്നു.
ദല്‍ഹിയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അടുത്തിടെ അറിയിച്ചിരുന്നു.
നിലവില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ 60 ഓളം കേസുകളുടെ സമ്പര്‍ക്കപട്ടികയോ യാത്രവിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
60 ഓളം കേസുകളില്‍ അന്താരാഷ്ട്ര യാത്രയോ ഒരു അന്താരാഷ്ട്ര യാത്രക്കാരനുമായി സമ്പര്‍ക്കമോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ദല്‍ഹി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ഓമിക്രോണ്‍ വകഭേദം ബാധിച്ച രോഗികളില്‍ ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ഒമിക്രോണ്‍ വകഭേദം വളരെ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെന്നും എന്നാല്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരില്‍ പോലും അണുബാധ സംഭവിക്കുന്നുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലെ വൈറോളജി പ്രൊഫസര്‍ ഡോ.ഏക്ത ഗുപ്ത പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒമിക്രോണ്‍ കേസുകളുടെ ഭൂരിഭാഗവും ദല്‍ഹിയിലാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കൊവിഡും ഒമിക്രോണും രൂക്ഷമായതോടെ ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1,71,830 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തര്‍ 3,43,06,414. ആകെ മരണം 4,82,017. ഇതുവരെയായി രാജ്യത്ത് 1,46,70,18,464 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Arvind Kejriwal Tests Positive For Covid, Says “Symptoms Mild”